പതിനൊന്ന് വര്‍ഷംമുമ്പ് ഇല്ലാതായ ഗ്രഹപദവി പ്ലൂട്ടോയ്‌ക്ക് തിരിച്ചുകിട്ടുമോ? ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഗ്രഹപദവിയിലേക്ക് ഉയരുമോ? നാസ പ്രസിദ്ധീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശ പത്രികയിലെ പുതിയ ഗ്രഹ നിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ അത് സാധ്യമാകും ഒപ്പം ഗ്രഹപട്ടികയില്‍ നൂറിലേറെ ഗോളങ്ങളും ഇടം പിടിക്കും
സൗരയൂഥത്തിലെ ഒരു ആകാശഗോളത്തിന് ഗ്രഹപദവി ലഭിക്കാന്‍ അത് സൂര്യനെ ചുറ്റണമെന്നില്ലെന്നാണ് നാസയുടെ പുതിയ നിര്‍ദേശം . ഗ്രഹപദവി നിശ്ചയിക്കാനുള്ള മാനദണ്ഡം മാതൃനക്ഷത്രവുമായുള്ള ഇടപെടലല്ല പകരം ഗോളങ്ങളുടെ ഭൗതികസവിശേഷതകളാണ്.
നിലവില്‍ 'കുള്ളന്‍ ഗ്രഹ'മാണ് പ്ലൂട്ടോ. ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ ( IAU ) അംഗീകരിച്ച ഗ്രഹനിര്‍വചനം അനുസരിച്ച് 2006 ഓഗസ്റ്റിലാണ് പ്ലൂട്ടോയ്‌ക്ക് ഗ്രഹപദവി നഷ്‌ടമായത്. അന്നത്തെ നിര്‍വചനം അനുസരിച്ച് സമീപത്ത് മറ്റ് ആകാശഗോളങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഭ്രമണപഥത്തിനരികിലെ വസ്തുക്കളെ ഒഴിവാക്കിയിരിക്കണം. ഭ്രമണപഥത്തിനരികില്‍ മറ്റ് ഗോളങ്ങള്‍ കറങ്ങിത്തിരിഞ്ഞ് എത്തുന്നു എന്നതായിരുന്നു പ്ലൂട്ടോയ്‌ക്ക് വിനയായത്.
എന്നാല്‍ പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തു കളഞ്ഞതിനെ അംഗീകരിക്കാത്ത ജ്യോതിശാസ്‌ത്രജ്ഞരുണ്ട്. ഒരു ഗോളം ഗ്രഹമാകണമെങ്കില്‍ സമീപത്ത് മറ്റ് ആകാശഗോളങ്ങള്‍ ഉണ്ടാകാത്ത വിധത്തില്‍ ഭ്രമണപഥത്തിനരികിലെ വസ്തുക്കളെ ഒഴിവാക്കിയിരിക്കണം എന്ന നിബന്ധന യുക്തിസഹമല്ലെന്നാണ് ഇവരുടെ വാദം. പ്ലൂട്ടോയിലേക്കുള്ള നാസയുടെ 'ന്യൂ ഹൊറൈസണ്‍സ് ദൗത്യ'ത്തിന്റെ മുഖ്യ ഗവേഷകനായ അലന്‍ സ്‌റ്റേണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ ഗ്രഹനിര്‍വചനം തയ്യാറാക്കിയത്. താമസിക്കാതെ ഇത് ഐഎയുവിന്റെ പരിഗണനയ്‌ക്ക് എത്തും
ഈ നിര്‍വചനം അംഗീകരിക്കപ്പെട്ടാല്‍ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ഗ്രഹമാകും. മാത്രമല്ല, സൗരയൂഥത്തിലെ ഉപഗ്രഹപട്ടികയില്‍പെട്ട ടൈറ്റന്‍, യൂറോപ്പ, ഉള്‍പ്പെടെയള്ളവ ഗ്രഹങ്ങളാകും. സ്വാഭാവികമായും പ്ലൂട്ടോയ്‌ക്ക് നഷ്‌ടപദവി തിരിച്ചുകിട്ടും. ഏതായാലും ഇതില്‍ അവസാന തീരുമാനം എടുക്കേണ്ടത് ഐഎയു ആണ്. ഐഎയു പുതിയ നിര്‍വചനം അംഗീകരിക്കും വരെ നിലവിലെ സ്ഥിതി തുടരും.
