നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം നരേന്ദ്ര മോദിയുടേതായിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജിത പട്ടേലും ശക്തമായി പിന്തുണച്ചു. ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലിക്കും സംശയങ്ങള്‍ ഉണ്ടായിരുന്നു. ബാങ്കുകള്‍ക്ക് മുന്നിലുള്ള നീണ്ട കൃവും പണദൗര്‍ലഭ്യവും രോഷത്തിനും ഇടയാക്കുമ്പോള്‍ അതിനാല്‍ നരേന്ദ്ര മോദി തന്നെ നേരിട്ട് പ്രതിരോധിച്ച് രംഗത്ത് വരികയാണ്. ഗോവയില്‍ ഇന്നു നടത്തിയത് അധികാരത്തിലെത്തി പാര്‍ലമെന്റില്‍ നടത്തിയതിനു സമാനമായ പ്രസംഗമാണ്. വികാരാധീനനായ മോദി തന്റെ തീരുമാനമാണിതെന്ന് ആവര്‍ത്തിച്ചു. സ്വര്‍ണ്ണവില്പനയില്‍ നിയന്ത്രണം കൊണ്ടു വന്നപ്പോള്‍ പകുതി എംപിമാര്‍ എതിര്‍ത്തെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ അതില്‍ ബിജെപി എംപിമാരും ഉണ്ടെന്ന് വ്യക്തം. താന്‍ സംവിധാനത്തിന് പുറത്തുള്ളയാളാണെന്ന സന്ദേശം നല്കാന്‍ ശ്രമിക്കുന്ന മോദി ജനങ്ങളുടെ നേരിട്ടുള്ള ആശീര്‍വാദം എന്ന തെരഞ്ഞെടുപ്പ് കാലത്തെ ആ തന്ത്രം പാര്‍ട്ടിയില്‍ ഈ തീരുമാനത്തിനെതിരെ നില്ക്കുന്നവര്‍ക്കെതിരെ കൂടി ആയുധമാക്കുകയാണ്. വികാരാധീനനായും തലകുനിച്ചും മോദി ബാങ്കുകള്‍ക്ക് മുന്നിലുയരുന്ന ജനരോഷം നിയന്ത്രണാതീതമാകാതിരിക്കാന്‍ ശ്രമിക്കുകയാണ്. നോട്ടുകള്‍ മാറാന്‍ 50 ദിവസം നല്കിയ സര്‍ക്കാര്‍ തുടക്കത്തില്‍ തന്നെ ഇത്രയും വലിയ ക്യൂ പ്രതീക്ഷിച്ചിരുന്നില്ല. ഒപ്പം ഭൂരിപക്ഷം എടിഎമ്മുകളുടെ സാങ്കേതികവിദ്യ പുതുക്കാനുമായില്ല. ഈ വീഴ്ചകള്‍ക്കിടയിലും അഴിമതി വിരുദ്ധ സര്‍ക്കാര്‍ എന്ന പ്രതിച്ഛായ വരും തെരഞ്ഞെടുപ്പുകളില്‍ ആയുധമാക്കാനാവും മോദിയുടെ ശ്രമം.

നോട്ട് പിന്‍വലിച്ചതിനെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചിരിക്കെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചില അപ്രതീക്ഷിത നീക്കങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ശീതകാല സമ്മേളത്തില്‍ പ്രതീക്ഷിക്കാം.