ദില്ലി: തന്നെ ഏറെ സഹായിച്ചയാളാണ് മോദിജിയെന്നും അങ്ങനെയൊരാളെ തനിക്ക് ഒരിക്കലും വെറുക്കാന്‍ കഴിയില്ലെന്നും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തന്നെ ഏറെ സഹായിച്ചയാളെ എങ്ങനെയാണ് വെറുക്കുകയെന്നും ഗുജറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ ചോദിച്ചു.

നെഹ്റു-ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സ്നേഹമാണ് വെറുപ്പനോടുള്ള നമ്മുടെ പ്രതികരണമെന്നും അതാണ് നമ്മുടെ സംസ്കാരമെന്നും രാഹുല്‍ പറഞ്ഞു. മോദിയോട് തനിക്ക് സ്‌നേഹം മാത്രമാണുള്ളതെന്നും അത് ഞങ്ങളുടെ കുടുംബ പാരമ്പര്യമാണെന്നും രാഹുല്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഗുജറാത്തില്‍ താന്‍ ഒരു തരത്തിലുള്ള മുഖംമാറ്റവും നടത്തിയിട്ടില്ല. സത്യംമാത്രമാണ് പറഞ്ഞത്. ഇതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തില്‍ ഉടനീളം ബി.ജെ.പിയുടെ തെറ്റായ നയങ്ങളില്‍ അസന്തുഷ്ടരായ ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. അവരുടെയെല്ലാം പിന്തുണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി