അഹമ്മദാബാദ്: സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിയ്ക്ക് അഹമ്മദാബാദ് പൊലീസ് റോഡ് റാലിയ്ക്ക് അനുമതി നിഷേധിച്ചു. ഇതിനെ തുടര്‍ന്ന് സബര്‍മതി നദിയിലൂടെ പ്രധാനമന്ത്രിയുടെ ജലവിമാന യാത്ര. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിലാണ് പ്രധാനമന്ത്രിയുടെ ജലവിമാന യാത്ര. അഹമ്മദാബാദില്‍ നിന്ന് സബര്‍മതി നദിയില്‍ നിന്ന് പറന്നുയര്‍ന്ന ജലവിമാനം പ്രധാനമന്ത്രിയെയുമായി 180 കിലോമീറ്റര്‍ അകലെയുള്ള ദാരോയ് ഡാമിലാണ് ഇറങ്ങിയത്. 

ദാരോയ്ക്ക് സമീപമുള്ള വളരെ പ്രസിദ്ധമായ അംബാജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. തിരികെ അഹമ്മദാബാദിലേയ്ക്കും ജലവിമാനത്തിലാകും പ്രധാനമന്ത്രിയുടെ യാത്ര. എല്ലാ ഇടങ്ങളിലും വിമാനത്താവളം ഒരുക്കുക ദുഷ്കരമായതിനാല്‍ ജലവിമാനത്തിന്റെ സാധ്യതകള്‍ കൂടുതലായി ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

രാഹുല്‍ ഗാന്ധിയും റോഡ് റാലിയ്ക്ക് അനുമതി തേടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. അമ്പലങ്ങൾ സന്ദർശിച്ച് ഹിന്ദു പിന്തുണ വീണ്ടെടുക്കാൻ ശ്രമിക്കുന്ന രാഹുൽ ഗാന്ധി ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിന്ന് പരീക്ഷിച്ച നയം ഗുജറാത്ത് തിരുത്തിയിരിക്കുകയാണ്.