തിരുവനന്തപുരം: ഭാരതസര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നും എന്ത് സഹായം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളോട് പറഞ്ഞു. ക്രിസ്മസിന് മുന്‍പ് എല്ലാ മത്സ്യത്തൊഴിലാളികളും തിരിച്ചെത്താനുള്ള എല്ലാ കാര്യങ്ങളും ചെയ്യും. ഇപ്പോള്‍ സന്തോഷിക്കാനുള്ള സമയമല്ല. ദുരന്തം ഉണ്ടായതുമുതല്‍ എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്നുണ്ട് അത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലക്ഷദ്വീപിലും കന്യാകുമാരിയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി പൂന്തുറയില്‍ ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചത്. പൂന്തുറ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് മോദി ഓഖി ബാധിതരുമായി കൂടിക്കാഴ്ച നടത്തിയത്. ദുരിതബാധിതരായവരുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു.പരാതികളും പരിഭവങ്ങളും നേരിട്ട് കേട്ടശേഷം എല്ലാ സഹായം നല്‍കാനും തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ കന്യാകുമാരിയില്‍ പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഖി ദുരിതാശ്വാസത്തിനായി 4047 കോടി രൂപ അനുവദിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

ആറുമണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി കെഎം എബ്രഹാം റവന്യു മന്ത്രി എന്നിവര്‍ പങ്കെടുക്കും. ഏഴുമണിയോടെ പ്രധാനമന്ത്രി തിരിച്ചുപോകും.