ദില്ലി: അഗസ്റ്റ വെസ്റ്റലാന്‍ഡ് അഴിമതിയില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. മോദിയും ബിജെപിയും കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കോഴ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും ഇന്ത്യയിലെ അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ട് പോയില്ലെന്നും ഇത് മോദി സോണിയാ ഒത്തുകളിക്ക് ഉദാഹരണമാണെന്നും കേജ്‌രിവാള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ ബിജെപിക്ക് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടിയും ഇന്ന് രംഗത്തെത്തിയിരുന്നു.രാവിലെ പാര്‍ലമെന്‍റിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ എഎപി പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ചത് തടയാന്‍ പോലീസ് ലാത്തി വീശി.തുടര്‍ന്ന് മൂന്ന് സംഘങ്ങളായി പിരിഞ്ഞ് മോദിയുടെയും സോണിയാഗാന്ധിയുടെയും വസതിയിലേക്ക് എഎപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

ഇത് പോലീസ് തടഞ്ഞു. ബിജെപിക്ക് ശേഷം ഇതാദ്യമായാണ് മറ്റൊരു പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടി അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുന്‍ വ്യോമസേന മേധാവ് എസ് പി ത്യാഗിയുടെ രണ്ട് ബന്ധുക്കളെ സിബിഐ ആസ്ഥാനത്ത് വിളിച്ച് വരുത്തി ചോദ്യം ചെയ്തു.