ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍-റോഡ് പാലമായ ബോഗിബീല്‍ യൂറോപ്യന്‍ മാതൃകയില്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാലമാണ് ബോഗിബീല്‍. 

ആസാം: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ്‌ പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്കായി തുറന്നു നൽകി. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍-റോഡ് പാലമായ ബോഗിബീല്‍ യൂറോപ്യന്‍ മാതൃകയില്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പാലമാണ് ബോഗിബീല്‍. തറക്കല്ലിട്ട് 21 വര്‍ഷത്തിന് ശേഷമാണ് പാലത്തിന്റെ ഉദ്ഘാടനം നടക്കുന്നത്. 

ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ രണ്ട് നിലകളിലായാണ് റോഡും റെയിൽവെ ലൈനും സജ്ജീകരിച്ചിരിക്കുന്നത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍പാതയും മുകളില്‍ മൂന്നു വരി റോഡുമുള്ള പാലം നിര്‍മിച്ചത്‌ ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ്‌. 4.9 കിലോമീറ്റർ നീളമുള്ള പാലം അസ്സമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കും. പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ ധേമാജിയില്‍നിന്ന്‌ ദീബ്രുഗഡിലേക്കുള്ള ദൂരം 500 കിലോമീറ്ററില്‍നിന്ന്‌ 100 കിലോമീറ്ററായി കുറയും.

കൂടാതെ, അസമിലെ ടിന്‍സുക്യയില്‍നിന്ന്‌ അരുണാചൽ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയുകയും ചെയ്യുന്നു. യാത്രാ സൗകര്യത്തിന് പുറമേ വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ഇതുവഴി സാധ്യമാകും. ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ പാലത്തിലൂടെ കൊണ്ടുപോകാനാകും. 

Scroll to load tweet…

1997 ജനുവരി 22 ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്. 2002 ഏപ്രില്‍ 21 ന് അഡല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ് നിര്‍മ്മാണം ആരംഭിച്ചത്. 1997ല്‍ 1,767 കോടി രൂപയായിരുന്നു പദ്ധതിച്ചെലവ്‌. 2014 ആയപ്പോഴേക്കും നിര്‍മാണച്ചെലവ് 3230 കോടിയായി പുനര്‍ നിശ്ചയിച്ച പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് നിർമ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ഇന്ന് വാജ്പേയിയുടെ ജന്മദിനമാണ് എന്ന പ്രത്യേകതയുമുണ്ട്.