സൈനികരുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഉദ്ഘടാന ചടങ്ങിനിടെ പറഞ്ഞ മോദി യുദ്ധസ്മാരകം വരും തലമുറയ്ക്കുള്ള ഊർജ്ജമാകണമെന്നും ഓർമ്മിപ്പിച്ചു.

ദില്ലി: നാടിനു വേണ്ടി സ്വന്തം ജീവൻ ബലികൊടുത്ത സൈനികർക്കുള്ള ആദര സൂചകമായി നിർമ്മിച്ച ദേശീയ യുദ്ധസ്‌മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.176 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകം ദില്ലിയിലെ ഇന്ത്യ ​ഗേറ്റിന് സമീപമാണ് നിർമ്മിച്ചിരിക്കുന്നത്. യുദ്ധസ്മാരകത്തിലെ കെടാവിളക്ക് തെളിയിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി സ്മാരകത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

1960 ൽ ഇന്ത്യൻ സേനകൾ സംയുക്തമായ് മുന്നോട്ട് വെച്ച ആവശ്യമാണ് 59മത്തെ വർഷത്തിൽ യാഥാർത്ഥ്യമാകുന്നത്. 40 ഏക്കറിൽ പരന്നു കിടക്കുന്ന വിശാലമായ ഭൂമിയിലാണ് രാജ്യത്തെ ആദ്യ യുദ്ധസ്മാരകം തയാറാക്കിയിരിക്കുന്നത്. സൈനികരുടെ ക്ഷേമത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ഉദ്ഘടാന ചടങ്ങിനിടെ പറഞ്ഞ മോദി യുദ്ധസ്മാരകം വരും തലമുറയ്ക്കുള്ള ഊർജ്ജമാകണമെന്നും ഓർമ്മിപ്പിച്ചു. അമർ ജവാൻ ജ്യോതിയ്ക്ക് സമീപം തന്നെയാണ് യുദ്ധസ്മാരകവും നിർമിച്ചിരിക്കുന്നത്. 

Scroll to load tweet…

വീരമൃത്യു വരിച്ച 25942 സൈനികരുടെ പേരുകള്‍ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. അമര്‍ ചക്ര, വീര്‍ത ചക്ര, ത്യാഗ ചക്ര, രക്ഷക് ചക്ര എന്നിങ്ങനെ നാലു വൃത്തങ്ങളിലായാണ് ദേശീയ യുദ്ധസ്മാരകം നിർമ്മിച്ചിരിക്കുന്നത്. 2015ലാണ് കേന്ദ്ര മന്ത്രിസഭ യുദ്ധസ്മാരകം നിർമ്മാണത്തിന് അനുമതി നൽകിയത്. 

1947, 1965, 1971 വര്‍ഷങ്ങളിലെ പാകിസ്ഥാൻ യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികർക്കുള്ള ആദരവായി ചടങ്ങിൽ സ്മരണാഞ്ജലി അർപ്പിച്ചു.