ഹൈരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാക്കോണ്ടയോട് ഉപമിച്ച് ആന്ധ്ര പ്രദേശ് ധനമന്ത്രി യാനമല രാമകൃഷ്ണുഡു. മോദിയെക്കാള്‍ വലിയ അനാക്കോണ്ടയാകാന്‍ ആര്‍ക്ക് സാധിക്കുമെന്ന ചോദ്യവും അന്ധ്രാ മന്ത്രി ഉന്നയിച്ചു. എല്ലാ സംവിധാനങ്ങളെയും മോദി വിഴുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ബിഐയെയും സിബിഐയെയും വിഴുങ്ങി കഴിഞ്ഞു. ഇക്കാര്യങ്ങള്‍ ആന്ധ്രയിലെ ബിജെപിക്കാര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു. സിംഗപൂരില്‍ താന്‍ നടത്തിയ ചികിത്സയുടെ ബില്‍ സര്‍ക്കാര്‍ ഒടുക്കണമെന്ന് ആവശ്യപ്പെട്ട വിവാദത്തിലൂടെയാണ് കൃഷ്ണുഡു അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞത്.

തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ നടന്നതോടെ 2.88 ലക്ഷം രൂപ കൃഷ്ണുഡുവിന് തിരികെ സര്‍ക്കാരിന് നല്‍കേണ്ടി വന്നിരുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലുള്ള ബന്ധത്തെയും കൃഷ്ണുഡു പരിഹസിച്ചു. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദി ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെപോലെയാണെന്ന് പറഞ്ഞ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്‌ എംഎല്‍എ പ്രണീതി ഷിന്‍ഡേ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

അസത്യം പറഞ്ഞ് പരത്തുന്ന മോദി ഡെങ്കു കൊതുകുകളെപോലെയാണ്, ലക്ഷങ്ങള്‍ അക്കൗണ്ടിലിടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച മോദി ഇപ്പോള്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. ഈ മാരകരോഗത്തെ തുടച്ചു നീക്കണമെന്നായിരുന്നു പ്രണീതിയുടെ പ്രസ്താവന.