ദില്ലി: കേന്ദ്ര സർക്കാരിന്‍റെ മൂന്നാം വാർഷികദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തെ ഏറ്റവും വലിയ പാലമായ ഭൂപൻഹസാരിക സേതു ഉദ്ഘാടനം ചെയ്തു.യുപിഎ സർക്കാർ രാജ്യത്തിന്റെ വികസനം അൻപത് വർഷം പിന്നോട്ട് അടിച്ചു എന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്ന വികസന പരിപാടികൾക്കും പ്രധാനമന്ത്രി തുടക്കമിട്ടു .

അസ്സമിലെ ടിൻസുകിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ധോള സദിയ പാലം രാജ്യത്തിന് സമർപ്പിച്ചത്. പ്രശസ്തഗായകന്‍ ഭൂപന്‍ ഹസാരികയുടെ സ്മരണാർത്ഥം പാലത്തിന് ഭൂപൻഹസാരിക സേതു എന്നും പ്രധാനമന്ത്രി നാമകരണം ചെയ്തു 9.15 കിലോമീറ്ററാണ് പാലത്തിന്റെ നീളം . ബ്രഹ്മപുത്രയുടെ പോഷകനദിയായ ലോഹിത് നദിക്കുകുറുകെ 950 കോടി.ചെലവാക്കിയാണ് പാലം നിർമ്മിച്ചത്. 

2011-ലാണ് നിർമ്മാണം ആരംഭിച്ചത്. അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങൾ തമ്മിലുള്ള യാത്രാസമയം നാലുമണിക്കൂറോളം കുറയും. ചൈനയുമായി അതിർത്തിപങ്കിടുന്ന അരുണാചൽ പ്രദേശിലേക്ക് അടിയന്തിര സാഹചര്യമുണ്ടായാൽ സൈന്യത്തിന് വേഗത്തിൽ എത്താൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം .അസ്സാമിൽ ഇനി വികസനത്തിന്റെ ദിനങ്ങളാണ് വരാൻ പോകുന്നത് എന്നും,വർഷങ്ങൾ നീണ്ട് നിന്ന കാത്തിരിപ്പിന് വിരാമയെന്നും അദ്ദേഹം പറഞ്ഞു

ഒരു ദിവസത്തെ സന്ദ‍ർശനത്തിനായി അസ്സമിൽ എത്തിയ പ്രധാനമന്ത്രി അസ്സമിലെ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും.ദേശീയ കാ‍ർഷിക ഗവേഷണ കേന്ദ്രത്തിനും,ചാ എയംസിനും തറക്കല്ലിടും.വൈകുന്നേരം ഗുഹാത്തിയിൽ നടക്കുന്ന അസ്സം സർക്കാരിന്റെ ഒന്നാം വാ‌ർഷികആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ പങ്കെടുത്തു ശേഷമാകും മടങ്ങുക.പ്രധാനമന്ത്രിക്ക് ഒപ്പം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി,രാധ മോഹൻ സിങും അസ്സം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വിവധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.