ദില്ലി: നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. മോദി അദ്ദേഹത്തിന്റെ അബദ്ധം അംഗീകരിക്കണമെന്നും മൻമോഹൻ ആവശ്യപ്പെട്ടു. ബ്ലൂംബെർഗ് ക്വിന്റിനു നൽകിയ അഭിമുഖത്തിലാണ് മൻമോഹൻ സിംഗ് തന്റെ മുൻഗാമിക്കെതിരെ ആഞ്ഞടിച്ചത്.
ക്യാഷ്ലെസ് എക്കോണമിയും കള്ളപ്പണം തടയലും നല്ല ആശയങ്ങളാണ്. എന്നാല്‍ അതിനായി തെരഞ്ഞെടുത്ത മാര്‍ഗം തെറ്റായിപ്പോയി. ജിഎസ്ടി നടപ്പാക്കേണ്ടതു തന്നെയാണ്. നികുതി വല വ്യാപിപ്പിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. പക്ഷെ ജിഎസ്ടി നടപ്പിലാക്കിയ രീതി അസംഘിടത തൊഴില്‍ മേഖലയെ തകര്‍ക്കുന്ന തരത്തിലായിപ്പോയി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ 40 ശതമാനവും അസംഘടിത മേഖലയുടെ സംഭാവനായണെന്ന് മറക്കരുതെന്നും മന്മോഹന് സിംഗ് പറഞ്ഞു.
ഒരു സ്ഥാപനം എന്നനിലയിൽ റിസർവ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേർക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം. നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗമാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചത്. സാമ്പത്തിക സൂചികകൾ നൽകിയ വിവരങ്ങളേക്കാൾ വലിയ നാശമാണ് വ്യാവസായിക രംഗത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം മണ്ടത്തരമായിരുന്നെന്നും അത് നഷ്ടങ്ങളാണുണ്ടാക്കിയതെന്നും മോദി അംഗീകരിക്കണം. സമ്പദ് വ്യവസ്ഥ പുനർനിർമിക്കുന്നതിന് സമവായത്തിലൂടെയുള്ള നയം രൂപീകരിക്കണം. എല്ലാ ഭാഗത്തുനിന്നുമുള്ള പിന്തുണയും തേടണമെന്നും മൻമോഹൻ പറഞ്ഞു.
