ദില്ലി: തീവ്രവാദികള്‍ക്കും മാവോയിസ്റ്റുകള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാടുകളില്‍ മാവോയിസ്റ്റുകളും അതിര്‍ത്തിയില്‍ തീവ്രവാദികളും നിരപരാധികളെ ആക്രമിക്കുന്നു. അവരോട് പറയാനുള്ളത് തീവ്രവാദത്തിന് മുന്നില്‍ രാജ്യം മുട്ടുമടക്കില്ല. മാവോവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല. പാകിസ്ഥാന്‍ ഭീകരതയെ മഹത്വവത്ക്കരിക്കുന്നു. ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ചതല്ല. ജാതി വ്യവസ്ഥയും സാമുഹികഅനാചാരങ്ങളും ഇല്ലാതാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കൊട്ടയില്‍ പറഞ്ഞു. രാവിലെ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി ത്രിവര്‍ണ്ണപതായ ഉയര്‍ത്തിയത്.

ദാരിദ്ര്യത്തില്‍ നിന്നും സ്വതന്ത്ര്യം നേടാനാണ് അയല്‍രാജ്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞ നരേന്ദ്രമോദി ഭീകരവാദത്തെ നേരിടുന്നതില്‍ പാകിസ്ഥാന് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. ഇന്ത്യയുടെ നിലപാടിന് ബലൂചിസ്ഥാന്‍ ജനങ്ങള്‍ നല്‍കുന്ന പിന്തുണക്ക് മോദി നന്ദി രേഖപ്പെടുത്തി. ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ച് പരോഷമായി പരാമര്‍ശിച്ച മോദി ജാതി വ്യവസ്ഥയും അനാചാരങ്ങളും ഇല്ലാതാകണമെന്ന് ആവശ്യപ്പെട്ടു.

സ്വതന്ത്രസമരസേനാനികളുടെ പെന്‍ഷന്‍ 20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും ദാരിദ്രരേഖക്ക് താഴെയുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്നും മോദി പ്രഖ്യാപിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തേ നേട്ടങ്ങള്‍ പറയനാണ് കൂടുതല്‍ സമയം വിനിയോഗിച്ചത്.