ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും അധികാരത്തിലെത്തുന്നതിന്  വേണ്ടി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന്‌ കനയ്യ ആരോപിച്ചു.

ലുധിയാന: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും വിമർശിച്ച് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മുൻ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വീണ്ടും അധികാരത്തിലെത്തുന്നതിന് വേണ്ടി മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന്‌ കനയ്യ ആരോപിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു കനയ്യ കുമാർ. 

'വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നതിന് വേണ്ടി മോദി ഒന്നിന് പുറകെ ഒന്നായി നുണകൾ പ്രചരിപ്പിക്കുകയാണ്. മോദിയുടെ പ്രവൃത്തികൾ ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നശിപ്പിച്ചു കളഞ്ഞു. തന്റെ ഭരണ കാലയളവിനുള്ളിൽ എന്തു ചെയ്തുവെന്ന് മോദി വ്യക്തമാക്കണം. ഉത്തരങ്ങള്‍ ചോദിക്കുന്നതിൽ നിന്ന് താങ്കള്‍ക്ക് എന്നെ പിന്തിരിപ്പിക്കാൻ സാധിക്കില്ല'-കനയ്യ പറഞ്ഞു.

തൊഴിൽ സൃഷ്ടിക്കുന്നതിന് വേണ്ടിയും വിദ്യാലയങ്ങളും ആശുപത്രികളും നിർമ്മിക്കുന്നതിനുമായാണ് ഒരു സർക്കാരിനെ ജനങ്ങൾ ജയിപ്പിച്ച് അധികാരത്തിലെത്തിക്കുന്നത്. എന്നാൽ മോദി ഇതൊന്നും തന്നെ ചെയ്തിട്ടില്ല. സർക്കിരിനോട് ചോദ്യം ഉന്നയിക്കുക എന്നത് എന്റെ അവകാശമാണ്. എന്നാല്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഇതുകൊണ്ടോന്നും ഞാന്‍ ഭയപ്പെടില്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ സൂചിപ്പിച്ച് കനയ്യ പറഞ്ഞു.

പൊതു റാലിയില്‍ കനയ്യക്ക് പുറമേ ദലിത് പ്രക്ഷോഭ നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി, പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവരും പങ്കെടുത്തു.