ദിബ്രൂഗര്‍: ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഉദ്ഘാടനം നാളെ. ഇന്ത്യാ ചൈനാ അതിര്‍ത്തിയ്ക്കടുത്ത് ബ്രഹ്മപുത്ര നദിക്ക് കുറുകേ 9.15 കിലോമീറ്റര്‍ നീളമുള്ള ധോലാ സാദിയാ പാലം മെയ് 26 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചതിന്‍റെ ആഘോഷം ഇതിനൊപ്പമാണ് തുടങ്ങുക. 60 ടണ്‍ ബാറ്റില്‍ ടാങ്ക് ഭാരം താങ്ങാന്‍ ശേഷിയുള്ള പാലം മുംബൈയിലെ ബാന്ദ്രാ-വര്‍ളി പാലത്തിന്റെ റെക്കോഡാകും തകര്‍ക്കുക. 

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമെന്ന ബഹുമതി 3.55 കിലോമീറ്റര്‍ നീളമുളള മുംബൈയിലെ പാലത്തിനാണ്. എന്നാല്‍ ധോലാ സാദിയാ പാലം തുറക്കുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ കാഴ്ചകളില്‍ ഒന്നായി ഇത് മാറും. 

പാലം കിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചലിനെയും ആസ്സാമിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. സൈന്യത്തിനും മറ്റും കൂടുതല്‍ ഉപകാരപ്പെടുമെന്ന് ആസാം മുഖ്യമന്ത്രി സര്‍ബാനന്ദാ സോനോവാള്‍ പറഞ്ഞു. 2011 ല്‍ പണിയാരംഭിച്ച പാലം മിലിട്ടറി ടാങ്കുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ 950 കോടി ചെലവഴിച്ചാണ് ആസാം സര്‍ക്കാര്‍ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചൈനയുമായി അതിര്‍ത്തി പങ്കുവെയ്ക്കപ്പെടുന്ന മേഖലയ്ക്ക് സമീപം ആയതിനാല്‍ പെട്ടെന്ന് തന്നെ സൈനിക വിന്യാസത്തിനും മറ്റും പാലം ഏറ്റവും ഗുണകരം ആകും എന്നാണ് ആസാം മുഖ്യമന്ത്രി പറയുന്നത്. ആസാം തലസ്ഥാനമായ ദിസ്പൂരില്‍ നിന്നും 540 കിലോമീറ്ററും അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്നും 300 കിലോമീറ്ററും അകലെയായി കിടക്കുന്ന പാലം ചൈനീസ് അതിര്‍ത്തിയില്‍ നിന്നും വെറും 100 കിലോമീറ്റര്‍ മാത്രം അകലത്തിലാണ്. 

ധോല വരെയുള്ള 375 കിലോമീറ്ററിനിടയില്‍ ബ്രഹ്മപുത്രയ്ക്ക് കുറുകെ നിലവില്‍ ഒരു പാലവുമില്ല. ഈ ദുരിതമാണ് പുതിയ പാലത്തിന്റെ നിര്‍മ്മിതിയോടെ അവസാനിച്ചത്. പാലം തുറക്കുന്നതോടെ അരുണാചലിലെയും ആസാമിലെയും യാത്രാസമയം നാലു മണിക്കൂറോളമാണ് കുറയുക. 

വിമാനത്താവളമില്ലാത്ത അരുണാചല്‍ പ്രദേശിനാണ് ഇത് കൂടുതല്‍ ഗുണകരമാകുക. തൊട്ടടുത്ത റെയില്‍വേ സ്‌റ്റേഷനായ തിന്‍സൂകിയയിലേക്കും ദിബ്രൂഗര്‍ വിമാനത്താവളത്തിലേക്കും എളുപ്പം എത്തിച്ചേരാനും കഴിയും.