'മോദിക്ക് കള്ളന്‍റെയും കാവൽക്കാരന്‍റെയും മുഖമാണ്. ഒടുവിൽ മോദി പിടിക്കപ്പെട്ടു.' റഫാൽ വെളിപ്പെടുത്തലുകളെക്കുറിച്ച് രാഹുൽ.
ദില്ലി: പ്രതിരോധവകുപ്പിനെ മറികടന്ന് റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരചർച്ച നടത്തിയെന്ന വിവരം ഒടുവിൽ പുറത്തായെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒടുവിൽ മോദി പിടിക്കപ്പെട്ടു. താൻ പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദിയ്ക്ക് കാവൽക്കാരന്‍റെയും കള്ളന്‍റെയും മുഖമാണെന്നും രാഹുൽ ആഞ്ഞടിച്ചു.
ഇന്ന് ദേശീയ ദിനപത്രമായ 'ദി ഹിന്ദു'വിലെ വാർത്ത പുറത്ത് വന്നതിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ ഇടപെട്ടെന്ന് തെളിഞ്ഞതായി രാഹുൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 30000 കോടി രൂപയുടെ ഇടപാട് സുഹൃത്ത് അനിൽ അംബാനിയ്ക്ക് നൽകിയെന്ന് തെളിഞ്ഞതായും രാഹുൽ പറയുന്നു.
'റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് പ്രതിപക്ഷം നേരത്തേ ആവശ്യപ്പെടുന്നതാണ്. ഇപ്പോൾ പ്രതിരോധമന്ത്രിയുടെ ഓഫീസിലെ കത്തുകളും രേഖകളും അത് തെളിയിക്കുന്നു.' രാഹുൽ പറഞ്ഞു.
Read More: റഫാല്‍ കരാറില്‍ പ്രതിരോധവകുപ്പ് അറിയാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു
ഇന്നലെ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ റഫാൽ ഇടപാടിനെച്ചൊല്ലി കള്ളം പറയുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. എണ്ണിയെണ്ണി റഫാലിനെച്ചൊല്ലി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ മറുപടി പറഞ്ഞതാണെന്നും മോദി പറഞ്ഞു.
റഫാലിനെപ്പോലൊരു നിർണായക ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നത് ഇന്ത്യയുടെ വിലപേശൽ ശേഷിയെ കാര്യമായി ബാധിയ്ക്കുമെന്നാണ് മുൻ പ്രതിരോധസെക്രട്ടറി ജി.മോഹൻ കുമാർ ഫയലിൽ എഴുതിയത്. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാൽ ഇടപാടിൽ ഇടപെടുന്നതിൽ പ്രതിരോധവകുപ്പിന് ശക്തമായ എതിർപ്പുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ രേഖ.
Read More: റാഫേൽ വിവാദം; പ്രതികരിക്കാൻ ഇല്ലെന്ന് മോഹൻ കുമാർ, 'ഫയലിൽ എഴുതിയ പശ്ചാത്തലം ഓർക്കുന്നില്ല'
രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം ചുവടെ:

