ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ചയും പിണറായി, പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു.

തിരുവനന്തപുരം: നാലാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനുള്ള അനുമതി നിഷേധിക്കുന്നത്. സംസ്ഥാനത്തിന്റെ റേഷന്‍ വിഹിതം സംബന്ധിച്ച പരാതികള്‍ പറയാനാണ് സര്‍വ കക്ഷി സംഘത്തോടൊപ്പം ഇന്ന് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി അനുമതി ചോദിച്ചത്. എന്നാല്‍ ഇക്കാര്യം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാനെ അറിച്ചാല്‍ മതിയെന്ന മറുപടിയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയത്.

ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞയാഴ്ചയും പിണറായി, പ്രധാനമന്ത്രിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അന്നും അനുമതി ലഭിച്ചില്ല. നേരത്തെ അരവിന്ദ് കെജ്‍രിവാളിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദില്ലിയിലെത്തിയ പിണറായി വിജയന്‍ മറ്റ് മൂന്ന് ബിജെപിയിതര മുഖ്യമന്ത്രിമാര്‍ക്കൊപ്പം ദില്ലി ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

2017, മാര്‍ച്ച് 20ന് സംസ്ഥാന സര്‍ക്കാറിനുള്ള ബജറ്റ് വിഹിതം സബന്ധിച്ച് ചര്‍ച്ച നടത്താനും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സമയം ചോദിച്ചു. അതിനും അനുകൂല പ്രതികരണമുണ്ടായില്ല. നോട്ട് നിരോധനത്തിന് ശേഷം 2016 നവംബര്‍ 24നാണ് അതിന് മുന്‍പ് പ്രധാനമന്ത്രിയെ കാണാന്‍ പിണറായി ശ്രമിച്ചത്. നോട്ട് നിരോധനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നത്. അതും അംഗീകരിക്കപ്പെട്ടില്ല.