നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ദുരിതം മനസിലാക്കുന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി, സത്യസന്ധർക്ക് നിരവധി പ്രയാസം അനുഭവിക്കേണ്ടി വന്നെന്നും ഇതിന് കാരണം അഴിമതിക്കാരാണെന്നും പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ ശുദ്ധീകരണമാണ് നടന്നത്. അഴിമതിക്കെതിരായ പോരാട്ടത്തിനായി ജനം കാത്തിരിക്കുകയായിരുന്നു.  കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ത്യാഗ മനസ്സാണ് രാജ്യം കാണിച്ചത്. സത്യസന്ധതയും വിശ്വാസ്യതയുമാണ് വലുതെന്ന് ജനം തെളിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കള്ളപ്പണക്കാർ ഇനി നേർവഴിക്ക് വരാൻ നിർബന്ധിതരാകും. പണക്കുറവിനെക്കാൾ പ്രശ്നം പണം അധികമാകുന്നതാണെന്നും രാജ്യം ഒറ്റ തെരഞ്ഞെടുപ്പിലേക്ക് പോകാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ് ഇടപാടുകള്‍ നേരെയാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണം എന്ന് അവസാനിക്കും എന്നതടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഒന്നുമുണ്ടായില്ല. ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന പരിധി ഉയര്‍ത്തുന്നതടക്കമുള്ള അറിയിപ്പുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല. സ്വര്‍ണ്ണവും ഭൂമിയും അടക്കം കള്ളപ്പണ വേട്ടയുടെ അടുത്ത ഘട്ടം പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല. എന്നാല്‍ നിരവധി ജനക്ഷേമ പദ്ധതികള്‍ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.

പാവപ്പെട്ടവർക്ക് ഭവന നിർമ്മാണത്തിനായി രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒന്‍പത് ലക്ഷം വരെയുള്ള ഭവന വായ്പകൾക്ക് 4% പലിശ ഇളവ് നല്‍കും. 12 ലക്ഷം വരെയുള്ള ഭവന വായ്പകൾക്ക് 3% പലിശ ഇളവും വീട് നവീകരിക്കാനുള്ള രണ്ട് ലക്ഷം വരെയുള്ള വായ്പയ്ക്ക് 3% പലിശ ഇളവും പ്രഖ്യാപിച്ചു. നഗരങ്ങളിലെ സാധാരണക്കാർക്ക് വീട് വയ്ക്കാൻ സഹായംനല്‍കും. കാർഷികവായ്പയുടെ ആദ്യ രണ്ട് മാസത്തെ പലിശ സർക്കാർ വഹിക്കും. രാജ്യത്തെ മൂന്ന്  കോടി കിസാൻ ക്രെഡിറ്റ് കാർഡുകൾ റുപേ കാർഡുകളാക്കും. ചെറുകിട വ്യാപാരികൾക്ക്  രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് സര്‍ക്കാര്‍ ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കും. മുതിർന്ന പൗരന്മാരുടെ ഏഴരലക്ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 8% പലിശ. ഗര്‍ഭിണികള്‍ക്കുള്ള ധനസഹായം 6000 രൂപയാക്കിയും ഉയര്‍ത്തി.