യാങ്കൂണ്‍ : രാജ്യതാല്‍പ്പര്യങ്ങള്‍ പരിഗണിച്ച് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മറില്‍ ഇന്ത്യന്‍ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഈ കാര്യം പറഞ്ഞത്. നോട്ട് നിരോധനത്തിനെതിരെ പല ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഈ അഭിപ്രായ പ്രകടനം. രാഷ്ട്രീയത്തേക്കാളും രാജ്യത്തിനാണ് താന്‍ പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം, മിന്നലാക്രമണം, ജിഎസ്ടി എന്നിവയെല്ലാം ഗവണ്‍മെന്‍റേ കൈക്കൊണ്ട ശക്തമായ തീരുമാനങ്ങളായിരുന്നു. എന്നാല്‍ ഇതൊന്നും യാതൊരു പേടിയും കൂടാതെ എടുത്ത തീരുമാനങ്ങളാണ്. നോട്ട് നിരോധനത്തെ പലരും എതിര്‍ക്കുന്നുണ്ടെങ്കിലും അത് നല്ല തീരുമാനം തന്നെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപാട് കള്ളപ്പണം കണ്ടെത്താന്‍ ഈയൊരു തീരുമാനത്തിലൂടെ സാധിച്ചുവെന്നും നോട്ട് നിരോധനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് മാസത്തിനിടെ രണ്ട് ലക്ഷത്തോളം കമ്പനികളുടെ ലൈസന്‍സാണ് കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതിന്റെ പേരില്‍ റദ്ദ് ചെയ്തത്. കള്ളപ്പണം എവിടെനിന്ന് വരുന്നെന്നോ എങ്ങോട്ട് പോകുന്നെന്നോ ഉള്ള കാര്യത്തില്‍ യാതൊരുവിധ അറിവും ആര്‍ക്കും ലഭിക്കില്ല. ആ സാഹചര്യത്തില്‍ അതിനെ തടയേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതിനു വേണ്ടിയാണ് ഗവണ്‍മെന്റ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്. നോട്ട് നിരോധനത്തെ കോണ്‍ഗ്രസ്സ് ഒരു അത്യാപത്തായാണ് വിശേഷിപ്പിച്ചതെന്നും മോദി പറഞ്ഞു.

ജിഎസ്ടി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നല്ല രീതിയില്‍ ബിസിനസ്സുകള്‍ നടത്താവുന്ന ഒരു അന്തരീക്ഷമാണ് ഇന്ത്യയില്‍ ഉണ്ടാകുവാന്‍ പോകുന്നത്. മൂന്ന് വര്‍ഷമായി എന്‍ഡിഎ ഗവണ്‍മെന്റ് രാജ്യത്തിന്റെ പ്രതിബന്ധങ്ങള്‍ എല്ലാം തകര്‍ത്ത് മുന്നേറുകയാണ്. രാജ്യം മുന്നോട്ട് പോവുകയാണെന്ന സത്യം ജനങ്ങളും മനസ്സിലാക്കി തുടങ്ങി എന്നും അദ്ദേഹം പറഞ്ഞു.