കൊച്ചി: കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജിപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും. പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയിൽ ഗതാഗതമന്ത്രി തോമസ് ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, മേയർ സൗമിനി ജെയിൻ എന്നിവർക്കു ലഭിക്കാത്ത അവസരമാണ് കുമ്മനത്തിന് ലഭിച്ചത് എന്നതാണ് ശ്രദ്ധേയം. 

ഇതിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്. പ്രധാനമന്ത്രിക്ക് ഒപ്പം കുമ്മനത്തിന്‍റെ യാത്രയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റുകള്‍ ഉയരുന്നുണ്ട്. ജനപ്രതിനിധികളെപ്പോലും അനുവദിക്കാത്ത യാത്രയില്‍ കുമ്മനം എങ്ങനെ സ്ഥാനം പിടിച്ചു എന്നതാണ് പലരും സംശയമായി പ്രകടിപ്പിക്കുന്നത്. എന്നാല്‍ കുമ്മനത്തിന്‍റെ സാന്നിധ്യം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ, പ്രധാനമന്ത്രിയുടെ സുരക്ഷ വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.

സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചിരുന്ന അവസരത്തിലാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനത്തിന്‍റെ യാത്ര. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഉദ്ഘാടന വേദിയിൽ ഏഴ് പേർക്കു മാത്രമേ ഇരിപ്പിടം അനുവധിക്കാൻ സാധിക്കുകയുള്ളുവെന്ന് പിഎംഒ നേരത്തെ അറിയിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സുരക്ഷ ഏറെ ചർച്ച ചെയ്ത സാഹചര്യത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി എംപി, മുൻ എംപി പി.സി.തോമസ്, സി.പി.രാധാകൃഷ്ണൻ, എൻഡിഎ സംസ്ഥാന കണ്‍വീനർ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുൻ സംസ്ഥാന അധ്യക്ഷരായ പി.എസ്.ശ്രീധരൻപിള്ള, പി.കെ.കൃഷ്ണദാസ്, സി.കെ.പദ്മനാഭൻ, വി.മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, കെ.സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ ഇങ്ങനെ വിവിധ നേതാക്കള്‍ എത്തിയിരുന്നു.