ഷിംല: ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി തന്റെ സ്വപ്നമായിരുന്നുവെന്നും അത് നടപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യ- ചൈന അതിർത്തിയായ ഹിമാചൽപ്രദേശിലെ കിന്നാറിൽ ഇന്ത്യോ ടിബറ്റൻ ബോർഡർ പൊലീസിനൊപ്പം ദീപാവലി ആഷോഘിക്കാനെത്തിയ പ്രധാനമന്ത്രി രാജ്യം സൈനികർക്കൊപ്പമാണെന്ന് വ്യക്തമാക്കി.
സൈന്യത്തിനൊപ്പം അവരുടെ കുടുംബവും രാജ്യത്തിന് വേണ്ടി ത്യാഗമനുഭവിക്കുകയാണ്. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി വേണമെന്ന്2013ൽ താൻ ആവശ്യപ്പെട്ടത്. നാലു പതിറ്റാണ്ടായുള്ള ആവശ്യമാണിത്. ഈ പദ്ധതിക്ക് വേണ്ടി മുൻ സർക്കാർ ആവശ്യമായ പണം വകയിരുത്തിയിരുന്നില്ല. എന്നാല്‍ തന്റെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി. പദ്ധതിയുടെ ആദ്യഗഡുവായി 5500 കോടി രൂപ നീക്കിവെച്ചു.
ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ സർക്കാർ വൈകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
അതിനിടെ, ദീപാവലി ദിനത്തിലും അതിർത്തിൽ പാകിസ്ഥാൻ പ്രകോപനം തുടർന്നു. ഹിരാനഗർ സാംബ സെക്ടറുകളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് പാക് സൈന്യം വെടിയുതിർത്തത്. കുപ്പുവാരയിൽ തീവ്രവാദികളും സൈന്യവും ഏറ്റുമിട്ടി. തീവ്രവാദികൾ കൊന്ന് വികൃതമാക്കിയ ശിപായി മൻദീപ് സിംഗിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പൂർണ്ണ ബഹുമതികളോടെ ഹരിയാനയിലെ കുരുക്ഷേത്രയിൽ സംസ്ക്കരിച്ചു.
