ദില്ലി: ജമ്മുകശ്മീരിൽ വിഘടനവാദികൾ ഉൾപ്പടെ എല്ലാവരുമായും ചർച്ച നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മുൻ ഐബി മേധാവിയും കേരളകേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ. ദിനേശ്വർ ശ‍ർമ്മയെ നരേന്ദ്ര മോദി സർക്കാർ സ്ഥിരം മധ്യസ്ഥനായി നിയമിച്ചു.

ജമ്മുകശ്മീരിലെ പ്രതിഷേധം തോക്കും പെല്ലറ്റും ഉപയോഗിച്ച് മാത്രം തണുപ്പിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കുന്നു. വിശാല ചർച്ച വേണമെന്ന സംസ്ഥാന സർക്കാറിന്‍റെയും പ്രതിപക്ഷത്തിൻറെയും ആവശ്യം കേന്ദ്രം അംഗീകരിച്ചു.രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി ദിനേശ്വർ ശർമ്മയെ സർക്കാരിൻറെ സ്ഥിരം മധ്യസ്ഥനായി നിയമിച്ചു. പ്രധാനമന്ത്രിയുടെ തീരുമാനമാണിതെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു

കേന്ദ്രകാബിനറ്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാകും ദിനേശ്വർ ശർമ്മയ്ക്ക് ഉണ്ടാകുക. എല്ലാവരുമായും ചർച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് വിഘടനവാദി നേതാക്കളെയും ഒഴിവാക്കില്ല. ചർച്ചയുടെ ഗതിയനുസരിച്ച് പ്രധാനമന്ത്രി നടപടി തീരുമാനിക്കും. 

യുവാക്കളുടെ പ്രതിഷേധത്തിന് കാരണം കണ്ടെത്തും. കേന്ദ്രസർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്തി മഹബൂബ മുഫ്തിയും തുറന്ന സമീപനമായിരിക്കുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയും പറഞ്ഞു. പാകിസ്ഥാനുമായുള്ള ചർച്ചയിലേക്ക് ഈ തീരുമാനം ഇനി നയിക്കണമെന്നാണ് നയതന്ത്രവിഗദ്ധരുടെ കണക്കുകൂട്ടൽ