ഹിമാചല്‍പ്രദേശില്‍ ഒരു ഊര്‍ജ്ജ പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധ സേനകളെ പുകഴ്ത്തിയത്. മിന്നലാക്രമണത്തിന്റെ കാര്യത്തില്‍ സേന നേടിയ വിജയത്തില്‍ രാജ്യം അഭിമാനിക്കുന്നു എന്ന് മോദി വ്യക്തമാക്കി. രാജ്യത്തിന്റെ സൈനിക ശക്തി എന്തെന്ന് ലോകത്തിന് കാട്ടിക്കൊടുക്കാന്‍ പ്രതിരോധ സേനകള്‍ക്ക് കഴിഞ്ഞു. ഈ വിജയത്തിന് സേനയ്ക്ക് നൂറു സല്യൂട്ട് നല്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

നാല്പതു കൊല്ലമായി നടപ്പാക്കാതിരുന്നു 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' ഈ സര്‍ക്കാരാണ് നടപ്പാക്കിയതെന്നും 5500 കോടി രൂപ ഇതിന് മാറ്റി വച്ചെന്നും മോദി പറഞ്ഞു. മിന്നലാക്രമണത്തെക്കുറിച്ച് ഇന്ന് പാര്‍ലമെന്റിന്റെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ കരസേനയും വിദേശകാര്യമന്ത്രാലയവും വിശീകരണം നല്കും. 

ഭീകരവാദത്തിന്റെ അന്തരീക്ഷത്തില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടക്കില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ബ്രിക്‌സ്, ബിംസ്‌ടെക് രാജ്യങ്ങളെ ഇന്ത്യയുടെ നിലപാട് അറിയിക്കാനായെന്നും സുഷമ പറഞ്ഞു. അതേ സമയം ചൈനയ്‌ക്കൊപ്പം റഷ്യയും ബ്രിക്‌സ് ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ ശക്തമായ ഭാഷ ഉപയോഗിക്കാത്തതില്‍ ഇന്ത്യയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.