ദില്ലി: ബിനാമി ഇടപാടുകാരെ കുടുക്കാന്‍ ആധാര്‍ ബയോമെട്രിക്ക് കാര്‍ഡുകള്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ അനധികൃത ഇടപാടുകളും അഴിമതിയും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിനാമി ഇടപാടുകളും നികുതി തട്ടിപ്പുകളും തടയാനുള്ള ശ്രമങ്ങള്‍ തുടരും. നോട്ട് നിരോധനം ജിഎസ്ടി തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ അഴിമതി കുറയ്ക്കുന്നതില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി. ആധാറുമായി മൊബൈല്‍ ഫോണ്‍ ബന്ധിപ്പിക്കല്‍, ബാങ്ക് അക്കണ്ട്് ബന്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ മുമ്പ് നമുക്ക് ചിന്തിക്കാന്‍ സാധിക്കുമായിരുന്നില്ല. 

ഇവയുടെയെല്ലാം തുടര്‍ച്ചയായി ആസ്തി വകകളുടെ വിവരങ്ങളും ആധറുമായി ബന്ധിപ്പിക്കുക എന്നത് സര്‍ക്കാറിന്റെ നയത്തിന്റ ഭാഗമാണ്. കള്ളപ്പണം തുടച്ചുനീക്കാനും നികുതി വരുമാനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മോദി പറഞ്ഞു. ഇന്ന് രാജ്യത്ത് സാമ്പത്തിക സംസ്‌കാരത്തിന്റെ കാര്യത്തില്‍ തന്നെ മാറ്റങ്ങളുണ്ടായി. അഴിമതി കാണിക്കാന്‍ പലര്‍ക്കും പേടിയുണ്ടയിരിക്കുന്നു. കോര്‍പ്പറേറ്റ് സംസ്‌കാരത്തില്‍ സുതാര്യത കൈവന്നതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.