നാല് കൊല്ലത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചിലവും വിവരങ്ങളും പുറത്ത്
ദില്ലി: നാല് കൊല്ലത്തിനിടയില് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദേശ യാത്രകളുടെ ചിലവും വിവരങ്ങളും പുറത്ത്. വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയില് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. നേരത്തെ പ്രധാനമന്ത്രിയുടെ വിദേശ യാത്ര ചിലവുകള് വെളിപ്പെടുത്താന് കഴിയില്ലെന്ന് ഒരു വിവരാവകാശ പ്രവര്ത്തകന് ഭീമപ്പ ഗാദാദിനാണ് മറുപടി ലഭിച്ചിരുന്നു. നാല് വര്ഷത്തില് 165 ദിവസം പ്രധാനമന്ത്രി വിദേശത്തായിരുന്നു എന്നാണ് വിവരാവകാശ രേഖ പറയുന്നത്.
ഫ്രാന്സ്, ജര്മ്മനി, കാനഡ എന്നീ രാജ്യങ്ങള് സന്ദര്ശിക്കാന് നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്. ഒമ്പത് ദിവസങ്ങളായിരുന്നു മോദി യാത്രയ്ക്കായി ചെലവഴിച്ചത്. ഈ യാത്രയ്ക്ക് മാത്രം ചെലവാക്കിയത് 31.25 കോടി രൂപയാണ്. യാത്രകളില് ഏറ്റവും ചെലവ് കുറഞ്ഞത് പ്രധാനമന്ത്രിയായ ശേഷം ആദ്യം നടത്തിയ ഭൂട്ടാന് സന്ദര്ശനത്തിനാണ് 2.45 കോടി രൂപയായിരുന്നു ഈ യാത്രയുടെ ചെലവ്.
ചിത്രം കടപ്പാട് - ന്യൂ ഇന്ത്യന് എക്സ്പ്രസ്
ഇത് വിദേശയാത്രകളുടെ മാത്രം ചെലവാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയ്ക്ക് അകത്തെ യാത്രകള്ക്കും സുരക്ഷാ സംവിധാനങ്ങള്ക്കുമായി ചെലവാക്കിയ തുക ആവശ്യപ്പെട്ടിട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ലഭ്യമാക്കിയിട്ടില്ലെന്ന് വിവരാവകാശ പ്രവര്ത്തകന് പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന എസ്പിജി സംഘത്തിന്റെ പ്രവൃത്തികള് വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ് പിഎംഒ മറുപടിയില് പറഞ്ഞത്.
