ദില്ലി: കോണ്‍ഗ്രസിന് നയമോ നേതാവോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ ജാതിവാദത്തെയും കുടുംബവാഴ്ചയെയും ബിജെപി വികസന രാഷ്ട്രീയം കൊണ്ട് തോല്‍പിക്കുമെന്നും ഗുജറാത്തിലെ ഭുജ്ജില്‍ മോദി പറഞ്ഞു. രാഹുലിനെ പരിഹസിച്ചും ഗുജറാത്ത് വികാരം ആളിക്കത്തിച്ചുമായിരുന്നു മോദിയുടെ ആദ്യ റാലി.

പ്രധാനമന്ത്രി പദത്തിനായി 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി ആദ്യ യാത്ര തുടങ്ങിയത് ഈ ലാലന്‍ കോളേജ് മൈതാനത്തുനിന്നാണ്. ഗുജറാത്ത് വെല്ലുവിളി നേരിടാന്‍ തെരഞ്ഞെടുത്തതും ഇതേ മൈതാനം തന്നെ. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന കച്ചില്‍ ഹിന്ദിയില്‍ ഒരു വാക്കുപോലും പറയാതെ ഗുജറാത്ത് വികാരം ആളിക്കത്തിച്ചായിരുന്നു മോദിയുടെ പ്രസംഗം. 

ഗുജറാത്തിന്റെ പുത്രനായ തനിക്കെതിരെ കള്ളം പറയായാനായി ചിലരിവിടെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് രാഹുലിനെതിരെ ഒളിയമ്പെയ്തു. മുംബൈ ഭീകരാക്രമണം നടന്നപ്പോള്‍ യുപിഎ അനങ്ങാതിരുന്നെന്നു ഉറി ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ തങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി . 2001 ജനവുവരിയില്‍ 20,000ലധികംപേര്‍ കൊല്ലപ്പെട്ട ഭൂകമ്പം ഉണ്ടായപ്പോള്‍ ആശ്വാസവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയതും മോദി ഓര്‍മ്മിച്ചു.

സൗരാഷ്ട്രയിലും ദക്ഷിണ ഗുജറാത്തിലുമായിമാണ് മോദിയുടെ ഇന്നലെ പര്യടനം നടത്തിയത്. ജാതിനേതാക്കള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതും സംസ്ഥാന സര്‍ക്കാരിനെതിരെയുളള ജനവികാരവും ജിഎസ്ടിയുമൊക്കെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മോദി പ്രഭയില്‍ ഇതിനെയൊക്കെ മറിതടക്കാമെന്ന് ബിജെപി വിശ്വസിക്കുന്നു. തെരഞ്ഞെടുപ്പ് വരെ മുപ്പതോളം റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചു.