ദില്ലി: കേന്ദ്രമന്ത്രിസഭ പുനസംഘടന നാളെ 11 മണിക്ക് നടക്കും. 10 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയുമെന്നാണ് സൂചന.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പുനസംഘടനയായിരിക്കും നടക്കുക. കേരളത്തിൽ നിന്ന് ആരും ഇത്തവണ മന്ത്രിസഭയിലുണ്ടാകാൻ സാധ്യതയില്ല. അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിന് പ്രാമുഖ്യം നൽകുന്ന വിധമായിരിക്കും മന്ത്രിസഭാ പുനസംഘടന. ഉത്തർപ്രദേശിൽ നിന്നുള്ള അപ്നദൾ നേതാവ് അനുപ്രിയ പട്ടേൽ മന്ത്രിയാകും.
അപ്നദൾ ബിജെപിയിൽ ലയിക്കും. ഇതിന് പുറമേ ഉത്തർപ്രദേശിൽ നിന്നും കൃഷ്ണരാജ്, മഹേന്ദ്രനാഥ് പാണ്ഡേ എന്നിവരും മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചന. ഉത്തർപ്രദേശിൽനിന്നുള്ള ന്യൂനപക്ഷനേതാവ് മുക്താർ അബ്ബാസ് നഖ്വിയെ ക്യാബിനറ്റ് മന്ത്രിയായി ഉയർത്തു. പീയുഷ് ഗോയൽ, ധർമ്മേന്ദ്രപ്രഥാൻ എന്നിവർക്കും ക്യാബിനറ്റ് പദവി ലഭിക്കും. സർബാനന്ദസോനോവാൾ അസം മുഖ്യമന്ത്രിയായി പോയി ഒഴിവിൽ പുതിയ കായികമന്ത്രിയെ നിയമിക്കും. അസമിൽ നിന്നും രാമേശ്വർ തെലി, രമൻ ഡേക്ക എന്നിവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. മുതിർന്ന നേതാവ് എസ് എസ് അലുവായയെയും മന്ത്രിസഭയിലേക്ക് കൊണ്ടു വരും.
ബിജെപി പഞ്ചാബ് അധ്യക്ഷനായി നിയമിക്കപ്പെട്ട വിജയ് സാപ്ലേക്ക് പകരവും നിയമനം പ്രതീക്ഷിക്കുന്നുണ്ട്. 75 വയസ് കഴിഞ്ഞ നജ്മാഹെപ്ത്തുള്ള, കൽരാജ് മിശ്ര എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കും. ആഭ്യന്തരം വിദേശകാര്യം ധനകാര്യം പ്രതിരോധം എന്നീ വകുപ്പുമന്ത്രിമാർക്ക് മാറ്റമുണ്ടാകില്ല. മറ്റ് ചില മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകും മഹാരാഷ്ട്രയിൽ നിന്നുള്ള ദളിത് നേതാവ് രാംദാസ് അതാലെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. കേരളത്തിൽ നിന്ന് ഇത്തവണയും പ്രാധിനിധ്യം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. മന്ത്രിസഭാ പുനസംഘടനക്കൊപ്പം പാർട്ടിയിലും ചില പുനസംഘടനക്ക് അധ്യക്ഷൻ അമിത്ഷാ തുനിഞ്ഞേക്കുമെന്ന സൂചനയുമുണ്ട്.
