ദില്ലി: ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി  ദാവോസിലേക്ക് തിരിച്ചു. നാളെ പ്ലീനറി സമ്മേളനം പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും.  എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ജൻധൻ യോജന, ചരക്ക് സേവന നികുതി, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളേയും തീരുമാനങ്ങളേയും കുറിച്ച് പ്രധാനമന്ത്രി ഉച്ചകോടിയിൽ പ്രസംഗിക്കും . 

ദാവോസിൽ വച്ച് സ്വിറ്റ്സര്‍ലൻഡുമായി  പ്രധാനമന്ത്രി  ഉഭയകക്ഷി ചര്‍ച്ചയും നടത്തും. 190 രാജ്യങ്ങളിൽ നിന്നുള്ള 3,000 പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനും അടക്കമുള്ള നിര്‍ദ്ദേശങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. 1997ൽ എച്ച്ഡി ദേവഗൗഡയ്ക്ക് ശേഷം 20 വര്‍ഷം കഴിഞ്ഞാണ് സാന്പത്തിക ഉച്ചകോടയിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയെത്തുന്നത്. ഉച്ചകോടിയുടെ ഭാഗമായി അതിഥികൾക്ക് യോഗാ ക്ലാസും ഇന്ത്യൻ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്. നാളെ ആരംഭിക്കുന്ന ഉച്ചകോടി 26ന് അവസാനിക്കും . അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്‍റെ പ്രഭാഷണത്തോടെയായിരിക്കും സാമ്പത്തിക ഉച്ചകോടിക്ക് തിരശ്ശീല വീഴുക