ടോക്യോ: വലിയ തീരുമാനത്തിനു ഒപ്പം നില്‍ക്കുന്ന ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ സന്ദര്‍ശം നടത്തുന്ന പ്രധാനമന്ത്രി ടോക്യോയില്‍നിന്ന് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന് വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണെന്നും മോദി മോദി പറഞ്ഞു. കള്ലപ്പണത്തിനെതിരായ ശുചിത്വ പരിപാടിയെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. അഴിമതിയെ നേരിടാന്‍ പ്രയാസങ്ങള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാണ്. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതായും മോദി കുറ്റപ്പെടുത്തി. കള്ളപ്പണക്കാര്‍ മാത്രമാണ് ഈ നടപടിയെ ഭയക്കേണ്ടത്. കള്ളപ്പണത്തിനെതിരായ നടപടിക്ക് പൂര്‍ണമായ പിന്തുണയാണ് ജനങ്ങള്‍ നല്‍കുന്നത്. ജനങ്ങളുടെ പിന്തുണയിലൂടെ മാത്രമെ, രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള തീരുമാനങ്ങള്‍ എടുക്കാനാകുകയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം പ്രഖ്യാപിച്ചതിനുശേഷമാണ് പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശനത്തിന് പോയത്. എന്നാല്‍ നോട്ട് പിന്‍വലിക്കല്‍ നടപടിയോട് ആദ്യം അനുകൂലമായി പ്രതികരിച്ച ജനങ്ങള്‍ പിന്നീട്, വിമര്‍ശനവുമായി രംഗത്തുവരികയായിരുന്നു. ബാങ്കുകളിലും എടിഎമ്മുകളിലും പണം ഇല്ലാത്തതും വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. കൂടാതെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നില്‍ വന്‍ അഴിമതി നല്‍കിയെന്ന് ആരോപിച്ചിരുന്നു. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം, വേണ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ചോര്‍ത്തി നല്‍കിയെന്നും, ഇതേത്തുടര്‍ന്ന് വന്‍ നിക്ഷേപം നടന്നുവെന്നുമാണ് കെജ്‌രിവാള്‍ ആരോപിച്ചത്. ഇതേത്തുടര്‍ന്നാണ് വിശദീകരണവുമായി പ്രധാനമന്ത്രി തന്നെ രംഗത്തെത്തിയത്.