ദില്ലി: കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‍വിയുട ഭാര്യ അനിതാ സിംഗ്‍വിക്ക് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. ആറ് കോടി രൂപയുടെ ആഭരണം നീരവ് മോദിയില്‍ നിന്ന് വാങ്ങിയെന്ന രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് നോട്ടീസ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ റെയിഡ് നടത്തിയിരുന്നു. നീരവ് മോദിയുടെ വസതികളിലും ഓഫീസുകളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണ വജ്ര ആഭരണങ്ങളാണ് പിടികൂടിയത്.

5100 കോടി രൂപയുടെ മൂല്യമുള്ള സ്വർണ്ണ, വജ്രാഭരണങ്ങൾ പിടികൂടിയത്. 4 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളും എന്‍ഫോഴ്സ്മെന്‍റ് മരവിപ്പിച്ചു. കൂടാതെ നീരവ് മോദിയുടെ ബന്ധുവായ ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്‍റെ രണ്ട് ഷോറൂമുകളില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് നടത്തിയിരുന്നു. 

പഞ്ചാബ് നാഷണല്‍ബാങ്കില്‍ നിന്ന് 280 കോടി രൂപ തട്ടിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ നീരവ് മോദിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തിയ വിശദമായ പരിശോധനയിലാണ്, നീരവ് മോദി 11,334 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. ഇതില്‍ 280 കോടി രൂപയുടെ തട്ടിപ്പ് സംബന്ധിച്ചാണ് എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്.