ദില്ലി രാംജാസ് കോളേജില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ എ.ബി.വി.പി വിലക്കിയ സംഭവം രാജ്യത്തെ ക്യാമ്പസുകള്‍ ഏറ്റെടുക്കുമ്പോഴാണ് അസഹിഷ്ണുതയ്‌ക്കെതിരെ സച്ചിതാനന്ദന്‍ നിലപാട് വ്യക്തമാക്കുന്നത്. സങ്കുചിതമായ രീതിയിലാണ് ദേശീയതയെ ചിലര്‍ വ്യാഖ്യാനിക്കുന്നതെന്നും 20 വയസുകാരിയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റുപോലും ഉള്‍കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും സച്ചിദാനന്ദന്‍ വിമര്‍ശിച്ചു. എ.ബി.വി.പി അടക്കമുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ പുരുഷാധിപത്യ ബോധം ചുമക്കുകയാണ്. പ്രതിഷേധിച്ച പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരെ പൊതുസമൂഹം ചെറുക്കണമെന്നും കവി പറഞ്ഞു. 

ദേശത്തെക്കുറിച്ച് സ്വതന്ത്രമായ ചര്‍ച്ച നടത്തുന്നവരെ രാജ്യദ്രോഹികളാക്കാന്‍ ശ്രമം നടക്കുന്നു. കൊളോണിയല്‍ കാലത്തുണ്ടായ നിയമങ്ങള്‍ളും നിര്‍ഭാഗ്യവശാല്‍ അവര്‍ക്കൊപ്പം നില്‍കുന്നു. ഫാസിസത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നവരും ഭരണകൂടത്തെ പേടിച്ച് വാ തുറക്കാത്തവരുമാണ് ഇന്ന് ഭൂരിപക്ഷം. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ജെ.എന്‍.യുവിലുമടക്കം ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിപ്പിച്ചു.