30 വർഷങ്ങൾക്കുമുമ്പ് എട്ട് വയസ്സുകാരിയെ കൊന്ന ആള്‍ പിടിയില്‍

ഇന്ത്യാന: എട്ട് വയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 30 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. 58കാരനായ ജോൺ മില്ലറിനെ ഞായറാഴ്ചയാണ് പൊലീസ് പിടുകൂടിയത്. 1988ൽ ഫോർട്ട് വെയ്ൻ സ്വദേശി ഏപ്രിൽ ടിൻസ്ലെയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് നിർണ്ണായക അറസ്റ്റ്. 

ടിൻസ്ലെയുടെ അടിവസ്ത്രത്തിൽനിന്നും ലഭിച്ച ഡിഎൻഎയും പ്രതിയുടെ ഡിഎൻഎയും ഒന്നാണ് എന്ന തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മില്ലറിന്റെ വീട്ടിൽ പൊലീസ്‍ നടത്തിയ പരിശോധയിൽ ഉപയോ​ഗിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ​ഗർഭനിരോധന ഉറകളിൽനിന്നുമുള്ള സാംപിളുകളാണ് ഇതിനായി ശേഖരിച്ചത്. മില്ലറെ കൂടാതെ മറ്റൊരാളുംകൂടി പ്രതിപട്ടികയിൽ ഉണ്ടായിരുന്നു‌. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക്ശേഷം യഥാർത്ഥ പ്രതി ജോൺ മില്ലറാണെന്ന് പൊലീസ്‍ ഉറപ്പിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

പ്രതിയെ പിടികൂടിയതോടെ 30 വർഷങ്ങൾക്കുമുമ്പ് നടന്ന ​ദാരുണകൊലപാതകത്തിന്റെ ചുരുളഴിയുകയാണ്. സുഹൃത്തിന്റെ വീട്ടിൽ കുടയെടുക്കുന്നതിനായി പോയ ‌ടിൻസ്ലെ പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. മകളുടെ തിരോധാനത്തിൽ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് മൂന്നു ദിവസം കഴിഞ്ഞ് തെക്കൻ ഡികെൽബ് കൗണ്ട് റോഡിലെ അഴുക് ചാലിൽ ടിൻസ്ലെയുടെ മൃതദേഹം കണ്ടെത്തി. അതിക്രൂരമായ ബലാത്സം​ഗത്തിന് ഇരയാവുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തരീതിയിലായിരുന്നു മൃതദേഹം.