ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ യുവാക്കള്‍ വെട്ടിലാവുകയായിരുന്നു. മൃഗസ്നേഹികളും വനം വകുപ്പ് അധികൃതരുമെല്ലാം പരാതിയുമായി രംഗത്തെത്തി

കോയമ്പത്തൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പവും സിനിമാ താരങ്ങള്‍ക്കൊപ്പവും സെല്‍ഫി എടുക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി രാജവെമ്പാലയ്‌ക്കൊപ്പം സെല്‍ഫിയെടുത്തിരിക്കുകയാണ് ഒരു കൂട്ടം യുവാക്കള്‍. സെല്‍ഫി പുറത്തുവിട്ടതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് യുവാക്കളുടെ അഞ്ചംഗ സംഘം.

തമിഴ്‌നാട് നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാക്കള്‍ വഴിയില്‍ കണ്ട രാജവെമ്പാലയ്‌ക്കൊപ്പം സെല്‍ഫിയെടുക്കുകയായിരുന്നു. പാമ്പിനെ കയ്യിലെടുത്തും കഴുത്തിലിട്ടുമെല്ലാം എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ യുവാക്കള്‍ വെട്ടിലാവുകയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫോട്ടോകള്‍ വൈറലായി. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഇവര്‍ക്കെതിരെ മൃഗസ്‌നേഹികളും രംഗത്തെത്തി. തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. 

സംഘത്തിലെ നാല് പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഒരാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ഇഴജന്തുക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും സംഘത്തിനെതിര പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.