കായംകുളം: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെയുളള മൂന്നംഗ ബൈക്ക് മോഷ്ടാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. പത്തിയൂര്‍ അങ്ങാടിശ്ശേരില്‍ അജിത്ത് (21) വവ്വാക്കാവ് തഴവമുറി ഹരികൃഷ്ണ ഭവനത്തില്‍ ഹരികൃഷ്ണന്‍ (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ദിവസം രാത്രി പത്തിയൂര്‍ മേഖലയില്‍ പോലീസ് പട്രോളിങ് നടത്തി വരവെ സംശയാസ്പദമായ രീതിയില്‍ 3 പേര്‍ കയറി വന്ന ബൈക്ക് പൊലീസ് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് വാഹനം ഉപേക്ഷിച്ച് ഓടിപ്പോകാന്‍ ശ്രമിച്ച ഇവരെ കരീലക്കുളങ്ങര എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. 

ചോദ്യം ചെയ്യലില്‍ ഓച്ചിറയില്‍ വൃശ്ചികോത്സവത്തിനെത്തിയ ഓച്ചിറ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ചത് ഇവരാണെന്ന് മൊഴി ലഭിച്ചു. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ഹരികൃഷ്ണനെ കൂട്ടി ഇയാളുടെ വീട്ടില്‍ എത്തിയപ്പോള്‍ മോഷ്ടിച്ച മറ്റൊരു ബൈക്ക് കൂടി പൊലീസ് കണ്ടെടുത്തു.