ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മഹാരാജാസിലേക്ക് കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും നേരത്തെ പിടിയിലായ ഒന്നാം പ്രതി മുഹമ്മദും ചേര്‍ന്നായിരുന്നു.
കൊച്ചി: അഭിമന്യു കൊലക്കേസിലെ മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് റിഫ പിടിയിലായി. ക്യാംപസ് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറിയായ റിഫയെ ബംഗളുരുവില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിലെ മറ്റൊരു പ്രതി ഫസലുദ്ദീന്‍ എറണാകുളം കോടതിയില്‍ കീഴടങ്ങി
എറണാകുളം പൂത്തോട്ടയിലെ നിയമ വിദ്യാര്‍ഥിയും കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് റിഫയാണ് പിടിയിലായത്. ചുവരെഴുത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് മഹാരാജാസിലേക്ക് കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയും നേരത്തെ പിടിയിലായ ഒന്നാം പ്രതി മുഹമ്മദും ചേര്‍ന്നായിരുന്നു. കസ്റ്റഡിയിലുള്ള മുഹമ്മദില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റിഫയെ പിടികൂടിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവശേഷം നാലാം തീയതി വരെ ഫേസ്ബുക്കില്‍ സജീവമായിരുന്നു റിഫ. കൊലപാതകത്തെ ന്യായീകരിച്ച് പോസ്റ്റുമിട്ടു. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്നറിഞ്ഞ് ഒളിവില്‍ പോവുകയായിരുന്നു.
റിഫയെ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. കേസിലെ മറ്റൊരു പ്രതിയായ ഫസലു എന്നു വിളിക്കുന്ന ഫസലുദ്ദീന്‍ എറണാകുളം ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. പൊലീസ് തെരയുന്നതിനിടെയായിരുന്നു കീഴടങ്ങല്‍. ഇന്നലെ കസ്റ്റഡിയിലെടുത്ത സനീഷിനെ കോടതിയില്‍ ഹാജരാക്കും. പതിനാലംഗ കൊലയാളി സംഘത്തിലെ എട്ടുപേരാണ് ഇതുവരെ പൊലീസ് വലയായത്. കൊലയാളികളെ നിശ്ചയിച്ച് മഹാരാജാസിലേക്ക് നിയോഗിച്ച എറണാകുളം സ്വദേശി ആരിഫ് ബിന്‍ സലീമാണ് ഇനി പിടിയിലാവാനുള്ള പ്രധാനി.
