കൊച്ചി: ട്രാന്‍ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും കൊച്ചി പോലീസിന്‍െ അതിക്രമം. പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതാണ് ഇവര്‍ ചെയ്ത കുറ്റം. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതിയുടെ പേഴ്സാണ് ഇന്നലെ രാത്രി 10 മണിയ്ക്ക് യുവാവ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചത്. ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോളാണ് അതിക്രമം.

ഇന്നലെ രാത്രി പത്തുമണിയോടെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് പേഴ്സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ച പതിനഞ്ച് ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. കസ്റ്റഡിയിലെടുത്ത ഭിന്നലിംഗക്കാരെ സിഐ അനന്തലാല്‍ മര്‍ദ്ദിക്കുകയും അപമര്യാദയായി പെരുമാറിയെന്നും ഭിന്നലിംഗക്കാര്‍ ആരോപിച്ചു. ഒരൊറ്റ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും എറണാകുളം ജില്ലയില്‍ കണ്ടുപോകരുതെന്നാണ് സിഐയുടെ ഭീഷണി.

അറസ്റ്റ് ചെയ്തവരില്‍ ഒമ്പത് പേരെ ഇന്ന് രാവിലെ വിട്ടയച്ചു. ആറ് പേരെ പിടിച്ചുപറി കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെയാണ് സിഐ അനന്തലാല്‍ അപമര്യാദയായി പെരുമാറിയത്. ഭിന്നലിംഗക്കാരെ സമൂഹത്തിന്റെ മുന്‍ നിരയിലെത്തിക്കാന്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോഴാണ് പോലീസിന്റെ ഭാഗത്തുനിന്നും സര്‍ക്കാര്‍ നയത്തിനെതിരായ നടപടി ആവര്‍ത്തിക്കുന്നത്. 

തന്റെ പേഴ്സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചയാളെ പൊലീസിലേല്‍പ്പിച്ച തങ്ങള്‍ക്കെതിരെ എന്തിനാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പാര്‍വതി പറഞ്ഞു. രണ്ട് ദിവസം മുന്‍പ് ബലൂണില്‍ വെള്ളം നിറച്ച് അതിനകത്ത് കല്ലിട്ട് ട്രാന്‍സ്ജെന്‍ഡേഴ്സിനെ എറിഞ്ഞതും ഇയാള്‍ തന്നെയാണെന്നും ഇവര്‍ പറഞ്ഞു. ഇയാള്‍ കല്ലെറിഞ്ഞ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളായ അഡ്വ. അതിഥി പൂജ, ആന്‍ഡ്രിയ, ജാസ്മിന്‍ എന്നിവരടക്കം പതിനഞ്ചോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രശ്നം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം പ്രദേശത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിക്കൂടിയ നാട്ടുകാരെ പറഞ്ഞുവിട്ട ശേഷം അക്രമിയോടും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ സമയം ഇയാള്‍ക്കെതിരെ പിടിച്ചുപറി കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തങ്ങളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. സ്റ്റേഷനില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കാതെ സിഐ അടക്കമുള്‌ല പോലീസുകാര്‍ അപമാനിച്ചെന്നും ഇവര്‍ പറഞ്ഞു.