ഇന്നലെ വൈകുന്നേരമാണ് സംഭവം. കുടിവെള്ള വിതരണ വണ്ടിയിലെ ഡ്രൈവറായ രജീഷ് വണ്ടിയിലെ ടാങ്കുകളില്‍ വെള്ളം നിറച്ച് കൊണ്ടിരുന്ന സമയത്താണ് അതുവഴി എത്തിയ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം. രജീഷിനെ പിടിച്ച് പരസ്യമായി മര്‍ദ്ദിച്ചുവെന്നാണ് പരാതി. വഴിവക്കിലും പോലീസ് വാഹനത്തിലും വച്ച് രജീഷിനെ മര്‍ദ്ദിച്ചശേഷം കോയിപ്രം പോലീസ് സ്‌റ്റേഷനിലെ ലോക്കപ്പിലിട്ട് ചൂരല്‍ കൊണ്ട് കിലിന്റെ വെള്ളയിലും മുതുകത്തും മര്‍ദ്ദിച്ചുവെന്നും പറയുന്നു. 

ആശുപത്രിയില്‍ കഴിയുന്ന രജീഷിന്റെ മുതുകത്തും കാല്‍ വെള്ളയിലും മര്‍ദ്ദനമേറ്റ പാടുകളും ഉണ്ട്. രജീഷിനെ മര്‍ദ്ദിച്ചതിന് ശേഷം മദ്യപിച്ച് ബഹളം വച്ചു എന്ന് കാണിച്ച് കള്ള കേസ്സ് എടുത്തതായും പരാതി ഉണ്ട്. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ രജീഷിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ സ്വാധീനം കൊണ്ടാണ് രജീഷിനെ മര്‍ദ്ദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

വഹനാപരിശോധന സമയത്ത് വാഹനം നിര്‍ത്താതെ പോയന്നും മദ്യപിച്ചു ബഹളം വച്ചു വെന്നും കാണിച്ചാണ് പോലീസ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് ശേഷമാണ് കോസ്സെടുത്തതെന്നും പോലീസ് പറയുന്നു. അതേസമയം താന്‍ മദ്യപിച്ചിരുന്നില്ലന്നും തന്നെ വൈദ്യപരിശോധനക്ക് വിധേയമാക്കിയില്ലന്നും രജീഷ് പറഞ്ഞു.