കൊച്ചി: കൊച്ചിയില്‍ ഭിന്നലിംഗക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. നഗരത്തില്‍ രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയ ഇവരെ പൊലീസ് കമ്മിഷണറുടെ കീഴിലുള്ള സ്ട്രൈക്കേഴ്സ് ടീമംഗങ്ങളാണു തല്ലിയത്. സാരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. 

ശനിയാഴ്ച രാത്രിയാണു സംഭവം. വളഞ്ഞമ്പലത്തു ഭക്ഷണം കഴിക്കാനെത്തിയ ആയിഷ, പൂര്‍ണ എന്നിവരാണു ക്രൂരമായ മര്‍ദനത്തിനിരയായത്. പൊലീസ് ബസിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. അടുത്ത കാലത്ത് ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ഇവരുടെ നാഭിയിലും തൊഴിച്ചു. പ്രാഥമിക ചികില്‍സക്ക് ശേഷം വീട്ടിലേക്ക് പോയ ഇവര്‍ പിന്നീട് കടുത്ത വേദനയെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ അഡ്‌മിറ്റാവുകയായിരുന്നു

ഭിന്ന ലിംഗക്കാരും പൊലീസും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതായി പൊലിസ് കമ്മിഷണര്‍ എം പി ദിനേശ് സമ്മതിച്ചു. രാത്രികാലങ്ങളിലുള്ള ഭിന്നലിംഗക്കാരുടെ സഞ്ചാരത്തെകുറിച്ചു നിരവധി പരാതികള്‍ കിട്ടിയതിനെത്തുടര്‍ന്ന് ഇവരെ നിയന്തിക്കാന്‍ കമ്മിഷണറുടെ കീഴിലുള്ള സ്ട്രൈക്കേഴ്സ് എന്ന പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്.

വളഞ്ഞമ്പലത്തുവച്ചു ഭിന്നലംഗക്കാര്‍ പ്രകോപനം സൃഷ്ടിച്ചതിനെത്തുടര്‍ന്നു പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു എന്നാണു പൊലീസ് കമ്മിഷണര്‍ പറയുന്നത്. മാത്രമല്ല, ഭിന്നലിംഗക്കാര്‍ക്കിടയില്‍ത്തന്നെ അക്രമങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഒരു വിഭാഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.