പാലക്കാട് : കലോത്സവത്തിനെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അകാരണമായി പൊലീസ് തല്ലിച്ചതച്ചതായി പരാതി. കഞ്ചിക്കോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥി അബ്ബാസിനെയാണ് മര്‍ദ്ദിച്ചത്.
സ്‌കൂളില്‍ നിന്നുള്ള ദഫ് മുട്ട് സംഘത്തോടൊപ്പം ചിറ്റൂരില്‍ കലോത്സവത്തിനെത്തിയതാണ് പുതുപ്പള്ളിത്തെരുവ് സ്വദേശിയായ അലിയുടെ മകന്‍ അബ്ബാസ്. മത്സരം കഴിഞ്ഞ് തിരിച്ച് പോകുന്നതിനിടയില്‍ മതിലിനു നേരെ കല്ലെറിഞ്ഞതോടെയാണ് പൊലീസ് സംഘം ഓടിയെത്തി തല്ലാന്‍ തുടങ്ങിയത്. മറ്റു കുട്ടികളും അധ്യാപകരും നോക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. സ്‌കൂള്‍ ഗ്രൗണ്ടിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദനം തുടര്‍ന്നതായും അബ്ബാസ് പറഞ്ഞു.
ശരീരമാസകലം ലാത്തിയടിയേറ്റ പാടുകളോടെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് അബ്ബാസ്. നടക്കാനും മൂത്രം പോകാനും പ്രയാസം നേരിടുന്ന അവസ്ഥയാണ്. സിഡബ്ലിയുസിയും, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും കുട്ടിയുടെ മൊഴിയെടുത്തു.
എതിരെ മത്സരിച്ച ടീമിന്റെ സ്‌കൂള്‍ ബസിനു നേരെ കല്ലെറിഞ്ഞതിനാണ് അബ്ബാസിനെ കസ്റ്റഡിയിലെടുത്തതെന്നും, മര്‍ദ്ദനമേറ്റ പാടുകള്‍ എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നുമാണ് ചിറ്റൂര്‍ പൊലീസിന്റെ നിലപാട്. പതിനേഴുകാരനെ അകാരണമായി മര്‍ദ്ദിച്ചതിനെതിരെ മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനുമടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കുട്ടിയുടെ രക്ഷിതാക്കള്‍.
