ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പമ്പയിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് പൊലീസ് തടഞ്ഞ് വിട്ടയച്ചു. പേരക്കുട്ടികളുടെ ചോറൂണിനായാണ് കെ പി ശശികല കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് തിരിച്ചത്.


പമ്പ: ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല പമ്പയിലേക്ക് തിരിച്ച കെഎസ്ആര്‍ടിസി ബസ് പൊലീസ് തടഞ്ഞു. പേരക്കുട്ടികളുടെ ചോറൂണിനായിയാണ് കെ പി ശശികല കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് തിരിച്ചത്. ഈ ബസാണ് നിലക്കൽ പോലീസ് കൺട്രോൾ റൂമിനു മുന്നിൽ എസ് പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞത്. 

ദര്‍ശനത്തിന് ശേഷം ശശികല പെട്ടന്ന് മടങ്ങിപ്പോകണമെന്നാണ് എസ് പിയുടെ ആവശ്യം. പ്രായം സംബന്ധിച്ച സംശയം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച ശേഷമായിരുന്നു കെ പി ശശികല യാത്ര തിരിച്ചത്. പ്രശ്നമുണ്ടാക്കാതെ സന്നിധാനത്ത് തമ്പടിക്കാതെ ദര്‍ശനം നടത്തിയ ശേഷം എളുപ്പം മടങ്ങി വരണമെന്നായിരുന്നു എസ് പിയുടെ ആവശ്യം.


ദര്‍ശനം നടത്തിയ ശേഷം ഉടന്‍ മടങ്ങാമെന്ന കെ പി ശശികല വാക്ക് നല്‍കിയ ശേഷം യാത്ര തുടരാന്‍ പൊലീസ് അനുവദിക്കുകയായിരുന്നു. ഏറെ നേരം സന്നിധാനത്ത് തങ്ങി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതും പ്രകോപനം ഉണ്ടാക്കുന്നതും തടയുകയെന്ന ഉദ്ദേശത്തിലാണ് ശശികലയില്‍ നിന്ന് ഉറപ്പ് വാങ്ങിയതെന്ന് എസ് പി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.