രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് നേതാക്കള്‍ റാലിയും പൊതുപരിപാടിയും നടത്തിയത്. അതേസമയം തങ്ങള്‍ വേദിയില്‍ കയറി പ്രസംഗിച്ചിട്ടില്ലെന്നും അവിടെ കൂടിയവരോട് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നും സംസ്ഥാന പ്രസിഡന്‍റ് പ്രതികരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ അനുമതിയില്ലാതെ പൊതുപരിപാടി നടത്തിയതിന് ബിജെപി നേതാക്കള്‍ക്കെതിരെ കേസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ്, സംസ്ഥാനത്തിന്റെ ചുമതലയുളള കൈലാഷ് വിജയ് വര്‍ഗിയ, ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ, ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജി എന്നിവര്‍ക്കെതിരെയാണ് കേസ്. സര്‍ക്കാര്‍ അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിച്ചതിന് പുറമെ നേതാക്കളുടെ നേതൃത്വത്തില്‍ കൂച്ച്‌ബെഹറില്‍ റാലിയും നടന്നിരുന്നു.
സംസ്ഥാനത്ത് ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി റദ്ദാക്കിയതിന് പിന്നാലെയാണ് നേതാക്കള്‍ കൂച്ച്‌ബെഹറില്‍ റാലിയും പൊതുപരിപാടിയും നടത്തിയത്. അതേസമയം തങ്ങള്‍ വേദിയില്‍ കയറി പ്രസംഗിച്ചിട്ടില്ലെന്നും അവിടെ കൂടിയവരോട് നന്ദി പറയുക മാത്രമാണ് ചെയ്തതെന്നും ദിലിപ് ഘോഷ് പ്രതികരിച്ചു.
'ഇത് പൊലീസ് മനപ്പൂര്‍വ്വം ചുമത്തിയ കുറ്റമാണ്. അവിടെ കൂടിയ ആള്‍ക്കൂട്ടത്തോട് നന്ദി പറയാനാണ് ഞാന്‍ വേദിയില്‍ കയറിയത്. പൊലീസ് ഈ രീതിയിലുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനം എവിടെയെത്തുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ'- ദിലിപ് ഘോഷ് പറഞ്ഞു.
'രഥയാത്ര' വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, നിലവില്‍ സംസ്ഥാനത്ത് രണ്ട് ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള ബിജെപി 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മൂന്ന് റാലിയായിരുന്നു നടത്താനിരുന്നത്.
