കൊച്ചി: കൊച്ചിയിലെ പീസ് ഇന്റര്‍നാഷണൽ സ്കൂളിൽ നിയമവിരുദ്ധ പാഠഭാഗം ഉൾപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം മുംബൈയിലേക്ക്. പാഠപുസ്തകങ്ങളുടെ പ്രസാധകരായ ബറൂജ് പബ്ലിക്കേഷൻസിനെ പ്രതി ചേർക്കാൻ പൊലീസ് തീരുമാനിച്ചു.പിടിച്ചെടുത്ത പസ്തകങ്ങൾ പരിശോധനക്കായി സംസ്ഥാന കരിക്കുലം കമ്മിറ്റിക്കും അയക്കും.

കൊച്ചി പീസ് ഇന്റര്‍നാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ് പാഠപുസ്തകത്തിലായിരുന്ന നിയമവിരുദ്ധ പാഠഭാഗം ഉണ്ടായിരുന്നത്. ഇസ്ലാമിക പഠനവുമായി ബന്ധപ്പെട്ട കൂടുതൽ ക്ലാസുകളിലെ പുസ്തകങ്ങൾ പരിശോധിച്ചപ്പോഴാണ് സമാനാമായ ചില പരാമർശങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കലും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. മറ്റുമതങ്ങളേയും മത ചിഹ്നങ്ങളേയും അപകീർ‍ത്തിപ്പെടുത്തൽ, ബഹുദൈവ വിശ്വാസത്തെ കുറ്റപ്പെടുത്തൽ എന്നിവയെല്ലാം പാഠപുസ്തകങ്ങളിലുണ്ട്. ഡാർവിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്നും അത് ലോകം തളളിക്കളഞ്ഞതാണെന്നും അഞ്ചാംക്ലാസിലെ മതബോധന പുസ്തകത്തിലുണ്ട്.

വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരൻമാരല്ലെന്നും തുർക്കിയിലെ ഹെസർഫൻ അഹമ്മദ് സെലിഫിയിയാണ് എന്നുമാണ് മറ്റൊരു വാദം. ഈ സാഹചര്യത്തിൽ പുസ്തകത്തിന്റെ പ്രസാധകരായ മുംബൈയിലെ ബറൂജ് പബ്ലിക്കേഷനെക്കൂടി പ്രതിചേർക്കുന്നത്. പുസത്കത്തിൽ പേരുളള ഇത് തയാറാക്കിയവരേയും പ്രതികളാക്കും. പുസ്തകം കേരളത്തിലെ സ്കൂളിൽ പഠിപ്പിക്കാൻ യോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനാണ് സംസ്ഥാന കരിക്കുലം കമ്മിറ്റിക്ക് കൈമാറാൻ തീരുമാനിച്ചത്.