അമ്മയെ മകനും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി പുനലൂര്‍ സ്വദേശിയായ വൃദ്ധ ആശുപത്രിയില്‍ മകനും മരുമകള്‍ക്കുമെതിരെ കേസ്

കൊല്ലം: വൃദ്ധയായ അമ്മയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദ്ദിച്ച് അവശയാക്കി വീട്ടില്‍ നിന്നും ഇറക്കിവിട്ടെന്ന് പരാതി. പത്തനാപുരം സ്വദേശി ഇന്ദിരാമ്മയാണ് പരിക്കേറ്റ് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

ഒരുവർഷമായി മകൻ പ്രദീപും മരുമകളും ചേർന്ന് തന്നെ ക്രൂരമായി ഉപദ്രവിക്കുകയാണെന്ന് ഇന്ദിരാമ്മ പറയുന്നു. 25 വര്‍ഷം മുൻപ് ഭര്‍ത്താവ് പ്രഭാകരൻ പിള്ള മരണപ്പെട്ടു. പിന്നീട് വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഏക മകനെ വളര്‍ത്തി വലുതാക്കിയത്. തന്‍റെ പേരിലുള്ള വസ്തു എഴുതി തരണമെന്നാവശ്യപ്പെട്ടാണ് മര്‍ദ്ദനമെന്നും ഈ അമ്മ പറയുന്നു.

സമീപ വീടുകളില്‍ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. മർദ്ദനത്തിൽ കൈയ്ക്കും ശരീരത്തും പരിക്കേറ്റ മാതാവിനെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. പത്തനാപുരം പൊലീസിൽ പരാതി നൽകി. മകനെയും മരുമകളെയും സ്റ്റേഷനില്‍ വിളിപ്പിച്ചെങ്കിലും ഇതുവരെയും വരാൻ തയ്യാറായിട്ടില്ല.