തിരുവനന്തപുരം: മോഷ്ടിച്ച ഷൂസും വസത്രങ്ങളും അണിഞ്ഞുനടന്ന നേപ്പാള്‍ സ്വദേശി പൊലീസ് പിടിയിലായി. തിരുവനന്തപുരം തമ്പാനൂരാണ് സംഭവം. തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ വീട്ടില്‍ നിന്ന് തിങ്കളാഴ്ചയാണ് വിലകൂടിയ മൊബൈല്‍ ഫോണുകളും ബാഗും മോഷണം പോകുന്നത്.
പോകുംവഴി വിലകൂടിയ ഷൂസും കള്ളനെടുത്തു. വീട്ടുകാര്‍ ടി.വി കാണുന്ന സമയത്തായിരുന്നു വിദഗ്ധമായ മോഷണം. മോഷണം കഴിഞ്ഞ് നായക്ക് മുമ്പില്‍ ചെന്നുചാടി, വീട്ടുകാരുമറിഞ്ഞു. എന്നാല്‍ .ഈ ബഹളത്തിനിടെ പിടിവീഴാതെ കള്ളന്‍ തടിതപ്പി. മോഷണം പോയ വസ്തുക്കളുടെ വിശദമായ വിവരം വച്ച് വീട്ടുകാര്‍ തമ്പാനൂര്‍ പൊലീസില്‍ പരാതിയും നല്‍കി.
പതിവ് പട്രോളിങ്ങിനിറങ്ങിയ പൊലീസിന് മുമ്പില്‍ കള്ളന്‍ ചെന്നുപെട്ടു. വസ്ത്ര ധാരണത്തില്‍ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പരാതികിട്ടി 24മണിക്കൂറിനകം പ്രതി പിടിയില്‍. വില്ലനായതാകട്ടെ തൊണ്ടിമുതല്‍.
നേപ്പാള്‍ മഹീന്ദ്രാ നഗര്‍ സ്വദേശി സുരേഷ് ബിസ്ത് ആണ് പിടിയിലായത്. തലസ്ഥാനത്തെ ഹോട്ടലില്‍ ജോലിക്കാരനാണ് സുരേഷ്. അറസ്റ്റ് വിവരം ഇയാളുടെ വീട്ടിലറിയിക്കാന്‍ എംബസി വഴി ശ്രമം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു .
