ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി

മലപ്പുറം: ചങ്ങരംകുളത്ത് ടിപ്പർ ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് എസ്ഐ മനേഷിനെ തൃശൂരേക്ക് സ്ഥലം മാറ്റിയിരുന്നു.

ഹൈക്കോടതി വിളിച്ചു വരുത്തി ശാസിച്ചതിനെത്തുടര്‍ന്നാണ് മനേഷിനെ സ്ഥലം മാറ്റിയത്. ടിപ്പറിടിച്ച് കാര്‍ യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ മരിച്ചയാളിനെതിരെ എഫ്ഐആര്‍ എടുത്ത മനേഷിന്‍റെ നടപടിയാണ് ഹൈക്കോടതിയുടെ വിമര്‍ശനം വിളിച്ചു വരുത്തിയത്. ഒടുവില്‍ മനേഷെടുത്ത കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. മരിച്ച യുവാവിന് എതിരെ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് നടപടി എടുക്കാനും നിര്‍ദ്ദേശിച്ചു. കേസിൽ ആരോപണ വിധേയനായ കെപി മനേഷ് നടത്തിയ അന്വേഷണം സത്യസന്ധമല്ലെന്നും കോടതി ഉത്തരവിലുണ്ട്. ഹർജിക്കാരുടെ വ്യാജമൊഴി രേഖപ്പെടുത്തിയതിൽ എസ്ഐ കെപി മനേഷ് കള്ളക്കളി നടത്തി എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോട്ടയം കാളച്ചാൽ സ്വദേശി മാനുവൽ തോമസ് കാപ്പനാണ് ടിപ്പറിടിച്ച് മരിച്ചത്. മാന്വല്‍ തോമസിനെ പ്രതിയാക്കി കേസെടുത്തതോടെയാണ് പിതാവ് ഹൈക്കോടതിയിലെത്തിയത്