തിരുവനന്തപുരം: ഡിജിപി ഓഫീസ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്ത് അഞ്ചു പേർക്കെതിരെ പൊലീസ് ഗൂഡാലോചന കുറ്റം ചുമത്തി. കെ.എം.ഷാജഹാൻ ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത് പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തിയതിനാണ് നേരത്തെ കേസെടുത്തിരുന്നത്.
മഹിജയും ബന്ധുക്കളും പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെയാണ് വി.എസ്.അച്യുതാനന്ദന്റെ മുൻ അഡീഷണൽ പി.എ. കെ.എം.ഷാജഹാൻ എസ്.യു.സി.ഐ പ്രവർത്തകരായ ഷാജർഖാൻ, മിനി,ശ്രീകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. മഹിജയെയും ബന്ധുക്കളെയും വിട്ടെങ്കിലും ഇവർ ഇപ്പോഴും റിമാൻഡിലാണ്.
ഇന്നലെ ഇവരുടെ ജാമ്യാപേക്ഷയെ പ്രൊസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. ഇതിനിടെയാണ് ഇവർക്കെതിരെ ഗൂഡാലോചനകുറ്റം ചുമത്തി പൊലീസ് കോടതിയിൽ പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. സമരം നടക്കുന്നതിനിടെ ഡിജിപി ഓഫീസിന് മുന്നിലെത്തിയ തോക്ക് സ്വാമിയെന്നറിയപ്പെടുന്ന് ഹിമവൽ ഭദ്രാനന്ദയും റിമാന്‍ഡിലാണ്.
മകന്റെ അറസ്റ്റിന് പിന്നിൽ മുഖ്യമന്ത്രിയുടെ പകപോക്കലാണെന്നെും മകനെ തോക്ക് സ്വാമിയുമായി ബന്ധപ്പെടുത്തി അപമാനിക്കുകയാണെന്നും കെ എം ഷാജഹാന്റെ അമ്മ എൽ.തങ്കമ്മ പറഞ്ഞു. ലാവലിൻ കേസിൽ നിയമപോരാട്ടം നടത്തിയതിന് മകനോട് പിണറായി വിജയൻ പ്രതികാരം തീർക്കുകയാണെന്നും തങ്കമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
