കോഴിക്കോടിനെയും ഐ.ടി നഗരമായ ബാംഗ്ലൂരിനെയും ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിനോട് ചേര്‍ന്ന് മാവോയിസ്റ്റ് സാന്നിധ്യം പതിവായ സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക പരിശോധന.
താമരശ്ശേരി: മാവോയിസ്റ്റ് ഭീഷണിയെ തുടര്ന്ന് താമരശ്ശേരി ചുരത്തില് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ചുരത്തിന്റെ ഇരു വശങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം പതിവായ സാഹചര്യത്തിലാണ് ജില്ലാ റൂറല് പോലീസ് ചീഫ് ജയദേവിന്റെ നിര്ദ്ധേശപ്രകാരം പ്രത്യേക പരിശോധന നടത്തിയത്. ലക്കിടി മുതല് അടിവാരം വരെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
കോഴിക്കോടിനെയും ഐ.ടി നഗരമായ ബാംഗ്ലൂരിനെയും ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിനോട് ചേര്ന്ന് മാവോയിസ്റ്റ് സാന്നിധ്യം പതിവായ സാഹചര്യത്തിലാണ് പോലീസിന്റെ പ്രത്യേക പരിശോധന. വടകരയില് നിന്നുള്ള ബോംബ് സ്ക്വാഡും പയ്യോളിയില് നിന്നുള്ള ഡോഗ് സ്ക്വാഡും താമരശ്ശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. രാവിലെ പത്തുമണിയോടെ ലക്കിടിയില് നിന്നും ആരംഭിച്ച പരിശോധന ഉച്ചക്ക് ഒരു മണിയോടെ അടിവാരത്ത് അവസാനിച്ചു.
ചുരത്തിനോട് ചേര്ന്നുള്ള പുതുപ്പാടി മട്ടിക്കുന്ന്, മേലേ പരപ്പന്പാറ പ്രദേശങ്ങളിലും മറു വശത്ത് തുഷാരഗിരി മേഖലയിലും അടുത്തിടെ മാവോയിസ്റ്റുകള് എത്തിയിരുന്നു. ആയുധധാരികളായ മാവോയിസ്റ്റുകളാണ് പതിവായി രണ്ട് മേഖലകളിലെയും ജനവാസ കേന്ദ്രങ്ങളില് എത്തിയത്. എ കെ 47 ഉള്പ്പെടെയുള്ള ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റുകള്ക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെയും മാവോയിസ്റ്റുകള് പ്രത്യക്ഷപ്പെട്ടു.
റിമാൻഡിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കല്പ്പറ്റയിലെ കോടതിയില് എത്തിക്കുന്ന ചുരം പാതയോട് ചേര്ന്ന് മാവോയിസ്റ്റുകള് സാന്നിധ്യം അറിയിക്കുന്നത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ചുരത്തിന്റെ ഇരു ഭാഗത്തായി തമ്പടിച്ച മാവോയിസ്റ്റ് സംഘങ്ങള് ചുരം റോഡ് മുറിച്ചു കടക്കാറുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതേ തുടര്ന്നാണ് ചുരം റോഡില് പരിശോധന നടത്താന് റൂറല് ജില്ലാ പോലീസ് മേധാവി ജയദേവ് നിര്ദ്ദേശം നല്കിയത്.
