ശബരിമല: ശബരിമലയിലെ പുതിയ സ്വര്‍ണ്ണ കൊടിമരത്തില്‍ കേടുപാട് വരുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പോലീസ് ഇത് വിശദമായി പരിശോധിച്ചുവരികയാണ്. മൂന്ന് പേർ കൊടിമരത്തിലേക്ക് ദ്രാവകം ഒഴിക്കുന്ന ദൃശ്യങ്ങൾ സന്നിധാനത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിന് പത്തനംതിട്ട എസ്പിക്ക് ഡിജിപിയാണ് നിർദ്ദേശം നൽകിയത്.

അതേസമയം, സംഭവത്തിന് പിന്നില്‍ കുടിപ്പകയാണെന്ന് സംശയിക്കുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊടിമരത്തിന്റെ നിർമാണം ഏറ്റെടുക്കുന്നത് സംബന്ധിച്ച കുടിപ്പകയാണെന്ന് കേടുപാടുവരുത്തന്നതിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് പുനപ്രതിഷ്ഠ നടത്തിയ ശബരിമലയിലെ സ്വർണ കൊടിമരത്തിലാണ് കേടുപാടുകള്‍ കണ്ടെത്തിയത്. തുണിയിൽ മെർക്കുറി എന്ന ദ്രവം പുരട്ടിയ ശേഷം കൊടിമരത്തിലേക്ക് എറിഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്. കൊടിമരത്തിന്‍റെ തറയിൽ പൂശിയിരുന്ന സ്വർണം ഉരുകിയൊലിച്ച നിലയിലാണ്.

ഇന്നുച്ചയ്ക്ക് 11.50നും 1.40നും മധ്യേയുള്ള മുഹൂർത്തത്തിലാണ് സ്വർണ കൊടിമര പ്രതിഷ്ഠ നടന്നത്. വലിയ ഭക്തജനത്തിരക്കും സന്നിധാനത്തുണ്ടായിരുന്നു. ഉച്ചപൂജയ്ക്ക് ശേഷം ഭക്തർ മലയിറങ്ങിയ ശേഷമാണ് കൊടിമരത്തിന് കേടുവരുത്തിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ദേവസ്വം അധികൃതർ വിവരം സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.