കൊച്ചി: പുതുവല്‍സരാഘോഷം അതിര് വിടാതിരിക്കാന്‍ പോലീസ് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷാ നിയന്ത്രണങ്ങള്‍ കൊച്ചിയില്‍ വിനോദ സ‍ഞ്ചാര മേഖലയ്‌ക്ക് തിരിച്ചടിയായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിനോദ സ‍ഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായെന്നാണ് ഈ രംഗത്തുളളവര്‍ പറയുന്നത്.അതേസമയം അനിഷ്‌ടസംഭവങ്ങളൊന്നുമില്ലാതെ ആഘോഷം സമാപിച്ചതിന്റെ ആശ്വാസസത്തിലാണ് പോലീസ്.

പതിവു പുതുവല്‍സര രാവുകളുടെ ആഘോഷതിമിര്‍പ്പ് ഫോര്‍ട്ടു കൊച്ചിയില്‍ രാത്രി 11 മണിവരെ കണ്ടില്ല. മെട്രോനഗരത്തിന്റെ പകിട്ടില്‍ രാവ് പകലാക്കാന്‍ പതിനായിരങ്ങള്‍ എത്തിയപ്പോള്‍ അതിലുമേറെ കര്‍ശന നിയന്ത്രണത്തോടെ പൊലീസ് വലയം.അധിക ഡ്യൂട്ടിക്കായി എത്തിയത് 1500 പൊലീസുകാര്‍. സ്‌ത്രീ സുരക്ഷക്കായി പിങ്ക് പട്രോളിംഗും സജീവമായിരുന്നു.സംഘമായി എത്തിയ ആളുകളെ പരിശോധനയ്‌ക്കു വിധേയമാക്കിയാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

പുതുവത്സരമെന്ന ആനുകൂല്യം ലഭിക്കില്ലെന്ന മുന്നറിയിപ്പ് നഗരത്തിലുടനീളം പോലീസ് നല്‍കി.ടൂറിസം മേഖലയില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു നീരീക്ഷണം.ഇതോടെ ആദ്യ മണിക്കൂറില്‍ ആഘോഷം അയഞ്ഞ മട്ടായിരിന്നു. മദ്യത്തിന്റെയും, മയക്കു മരുന്നിന്റെയും ഉപയോഗം കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഉല്ലാസ നൗകകളും കര്‍ശന നിരീക്ഷണത്തിലായിരുന്നു.ആഡംബര ഹോട്ടലുകളിലെ ആഘോഷങ്ങളും പോലീസിന്റെ നിര്‍ദ്ദേശാനുസരണമായിരുന്നു.

10 മണിക്കു ശേഷം മദ്യം വിളമ്പാന്‍ പാടില്ലെന്നും ഡി ജെ പാര്‍ട്ടികള്‍ അതിരുവിടരുതെന്നുമുളള നിര്‍ദേശം കൂടിയായതോടെ ആഘോഷത്തിന്‍റെ ഭാഗമാകാന്‍ എത്തിയ വിദേശികളും ആകെ മൂഡ് ഓഫ്. ഡി ജെ പാര്‍ട്ടികളിലൂടെ മികച്ച വരുമാനം ഉണ്ടാക്കാറുളള ഹോട്ടലുകള്‍ക്ക് ഇത്തവണ തിരിച്ചടിയായി.നിയന്ത്രണം തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളിലും വിദേശികള്‍ ഉള്‍പ്പെടെയുളള സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക.

പുതുവത്സരദിനത്തിന്റെ പുലര്‍ച്ച വരെ പോലീസ് സംഘം സജീവമായിരുന്നു.അതിനാല്‍ കുടുംബമായി എത്തിയവര്‍ക്ക് ആഘോഷത്തിന്റെ അവസാന നിമിഷം വരെ പങ്കാളികളാകാനായി. എന്നാല്‍ കര്‍ശന നിര്‍ദ്ദേശ്ശങ്ങള്‍ പുതുവത്സരാഘോഷത്തിന്റെ മാറ്റ് കുറച്ചെന്ന പരാതി ചിലര്‍ക്കെങ്കിലുമുണ്ട്.അതേസമയം അനിഷ്‌ട സംഭവങ്ങലില്ലാതെ വലിയൊരു ജോലി പൂര്‍ത്തായാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്.