തിരുവനന്തപുരം: മലയിൻകീഴിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാചുമതലയുള്ള പൊലീസ് സംഘത്തിലെ ഷൈജുവിനെതിരെയാണ് പരാതി. പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിന് പുറത്തെ ബാത്ത്റൂമിൽ നിന്നിറങ്ങിയ പെൺകുട്ടിയെ പൊലീസുകാരനായ ഷൈജു കടന്നുപിടിച്ചെന്നാണ് പരാതി. ബലപ്രയോഗത്തിനിടെ, ഭിത്തിയിലിടിച്ച് പെൺകുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. പെൺകുട്ടിയും മുത്തശ്ശിയും മാത്രം വീട്ടിൽ ഉള്ളപ്പോഴായിരുന്നു അതിക്രമം. പെൺകുട്ടിയുടെ അമ്മ രാവിലെ തന്നെ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും, പരാതി സ്വീകരിക്കാൻ പൊലീസ് മടിച്ചെന്നാണ് ആക്ഷേപം.

പൊലീസായ പ്രതിയെ സഹപ്രവർത്തകർ സംരക്ഷിക്കുന്നു എന്നാരോപിച്ച്, നാട്ടുകാർ മലയിൻകീഴ് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡ് ഉപരോധിച്ചു. അരമണിക്കൂറിലെറെ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് നിഷ്‍പക്ഷ അന്വേഷണം നടത്തുമെന്ന് ഉറപ്പു നൽകി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാചുതമലയുള്ള സംഘത്തിലെ പൊലീസുകാരനാണ് ഷൈജു. പെൺകുട്ടിയുടെ വീടിനടുത്തായി, ഇയാളുടെ വീടുപണി നടക്കുന്നുണ്ട്. മുമ്പും ഷൈജു പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞു.