കൊച്ചി: വഴിയോരക്കച്ചവടം ഒഴിപ്പിക്കാനെന്ന പേരിൽ കൊച്ചിയിൽ പൊലീസിന്റെ ക്രൂരത.കടയരികിൽ വില്‍ക്കാന്‍ വച്ചിരുന്ന പച്ചക്കറികള്‍ വഴിയിലേക്ക് വലിച്ചെറിഞ്ഞ് മുകളിലൂടെ ജീപ്പ് ഓടിച്ചു കയറ്റി.പള്ളുരുത്തി എസ്ഐക്കെതിരെയാണ് ആരോപണം.
പള്ളുരുത്തി പുല്ലാര്‍ദേശം റോഡിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്.സുബൈര്‍ എന്നയാളുടെ കടയുടെ മുന്നിൽ പച്ചക്കറി നിരത്തി വച്ചതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.പൊലീസ് ജീപ്പിലെത്തിയ എസ്ഐ ബിബിനും സഹായിയും കടയിലെത്തി പച്ചക്കറികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു.എന്നിട്ടും ദേഷ്യം അടങ്ങാതെ വന്നതോടെ പച്ചക്കറിയ്ക്ക് മുകളിലൂടെ പൊലീസ് ജീപ്പ് കയറ്റി ഇറക്കിയെന്നുമാണ് ആരോപണം.
ഒരു വട്ടം പോലും മുന്നറിയിപ്പ് തരാതെയാണ് പൊലീസ് ഈ ക്രൂരത കാട്ടിയതെന്നും സുബൈർ ആരോപിക്കുന്നു. പൊലീസിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ പച്ചക്കറികൾ റോഡിൽ വച്ചതിന് കേസ് എടുക്കുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ വിശദീകരണം. ജീപ്പ് കയറ്റിയിറക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എസ്ഐ ബിബിൻ പ്രതികരിച്ചു.
പൊലീസ് നടപടിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകാനാണ് സുബൈറിന്റെ തീരുമാനം.
